തിരുവനന്തപുരം : ഇന്നലെ കാര്യമായ മഴ പെയ്തില്ലെങ്കിലും ഇടുക്കി ഉള്‍പ്പെടെ 13 അണക്കെട്ടുകള്‍ തുറന്നുതന്നെ.തൃശൂര്‍ ഷോളയാര്‍ ഡാമില്‍ തുറന്നുവച്ചിരുന്ന ഏക ഷട്ടര്‍ അടച്ചു. പാലക്കാട് ജില്ലയില്‍ മലമ്ബുഴ അടക്കമുള്ള ഡാമുകളുടെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇന്നലെ വൈകിട്ടു മഴയില്‍ നീരൊഴുക്കു വര്‍ധിച്ചതേ‍ാടെ നെല്ലിയാമ്ബതി പേ‍ാത്തുണ്ടി ഡാമിന്റെ 3 ഷട്ടറുകളും ഇന്നലെ 15 സെന്റീമീറ്റര്‍ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് 3 ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നത്.

ഒരു മിനിറ്റില്‍ 60 ലക്ഷം ലീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. നിലവില്‍ 2398.02 അടിയാണ് ജലനിരപ്പ്. ഇത് 2395 അടിയില്‍ എത്തുമ്ബോള്‍ ഷട്ടറുകള്‍ അടയ്ക്കാനാണ് സാധ്യത. ഇടമലയാര്‍ അണക്കെട്ടിലെ 2,3 ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. ഷട്ടറുകള്‍ തുറക്കുമ്ബോള്‍ ജലനിരപ്പ് 165.70 ആയിരുന്നത് ഇപ്പോള്‍ 165.40 മീറ്ററായി കുറഞ്ഞു. പരമാവധി സംഭരണശേഷിയുടെ 89.79 ശതമാനമാണിത്.തെന്മല പരപ്പാര്‍ അണക്കെട്ടിലെ 3 ഷട്ടറുകളും 1.50 മീറ്റര്‍ തുറന്നു വച്ചിട്ടുണ്ട്.

ഇന്ന് ശക്തമായ മഴയില്ലെങ്കില്‍ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം താഴ്ത്തും. ജലനിരപ്പ് ഇന്നലെ 112.82 മീറ്ററായി. 115.82 മീറ്ററാണു സംഭരണ ശേഷി. ഈ മാസം സംഭരിക്കാവുന്ന ജലത്തിന്റെ അളവ് 111.63 മീറ്ററാണ്. തൃശൂരില്‍ പീച്ചി, ചിമ്മിനി, വാഴാനി, പെരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന നിലയിലാണ്. പത്തനംതിട്ടയില്‍ കക്കി ആനത്തോട്, പമ്ബ, മൂഴിയാര്‍, മണിയാര്‍ അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ 2018 ലെ പോലെ പ്രളയ ഭീഷണി ഇല്ല എന്നത് തന്നെ ആശ്വാസമാണ്.