തിരുവനന്തപുരം: കേരളത്തിലെ മലയോരമേഖലകളില്‍ വളരെ ശക്തമായ മഴ. തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കി മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത ഉണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം.

ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായാണ് നിലവില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കന്‍ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാം. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് ‍ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്ന മുന്നറിയിപ്പ്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.