ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് ജയവുമായി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത 20 ഓവര്‍ പൂര്‍ത്തിയാവാന്‍ 13 പന്ത് ശേഷിക്കേ വിജയം നേടുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി കാപ്റ്റനായി ഇറങ്ങിയ രോഹിത് ശര്‍മയുംകെഎല്‍ രാഹുലും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ട് നല്‍കി.

രോഹിത് 41 പന്തില്‍ നിന്ന് മൂന്ന് സിക്സറും അഞ്ച് ഫോറും അടക്കം 60 റണ്‍സ് നേടിയ ശേഷം റിട്ടയേഡ് ഹര്‍ട്ടായാണ് മടങ്ങിയത്. രാഹുല്‍ 31 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 39 റണ്‍സ് നേടി പുറത്തായി.

സൂര്യ കുമാര്‍ യാദവ് പുറത്താവാതെ 27 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടക്കം 38 റണ്‍സും ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ പുറത്താകാതെ എട്ട് പന്തില്‍ നിന്ന് ഒരു സിക്സടക്കം 14 റണ്‍സും നേടി.

ഓസീസിന് വേണ്ടി ആസ്റ്റണ്‍ ആഗറാണ് രാഹുലിന്റെ വിക്കറ്റെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി.

തുടക്കത്തില്‍ ബാറ്റിങ്ങില്‍ അടിപതറിയ ഓസീസ് സ്റ്റീവ് സ്മിത്തിന്റെയും മാക്സ്വെല്ലിന്റെയും മാര്‍ക്കസ് സ്റ്റോയ്നിസിന്റെയും ഇന്നിങ്സുകളിലാണ് ഭേദപ്പെട്ട നിലയിലേക്ക് എത്തിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏഴ് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം നേടി പുറത്തായി. നായകന്‍ ആരോണ്‍ ഫിഞ്ച് 10 പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രം നേടിയും പുറത്തായി. മൂന്നാമനായിറങ്ങിയ മിച്ചല്‍ മാര്‍ഷ് റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

നാലാമനായിറങ്ങിയ സ്മിത്ത് 84 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 57 റണ്‍സ് നേടി. മാക്സ്വെല്‍ 28 പന്തില്‍ നിന്ന് 37 റണ്‍സ് നേടി പുറത്തായി. മാര്‍ക്കസ് സ്റ്റോയ്നിസ് പുറത്താകാതെ 25 പന്തില്‍ നിന്ന് 41 റണ്‍സ് നേടി. അവസാന ഓവറിലിറങ്ങിയ മാത്യൂവെയ്ഡ് ഒരു പന്തില്‍ നിന്ന് ഒരു ഫോര്‍ നേടി.

ഇന്ത്യക്ക് വേണ്ടി അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇതോടെ ലോകകപ്പ് ആരംഭിക്കുന്നതിനുള്ള രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു, തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ തോല്‍പിച്ചത്.