സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ബ്ലൂ ലഗൂണ്‍. റെയ്ക്ജാനസ് പെനിന്‍സുലയിലെ ഓര്‍ബ്ജോര്‍ണ്‍ പര്‍വതത്തിന് മുന്നിലുള്ള മനുഷ്യനിര്‍മ്മിത ജലാശയമാണ് ബ്ലൂ ലഗൂണ്‍. എത്ര വര്‍ണ്ണിച്ചാലും മതിവരാത്ത ഭംഗിയാണ് ഇവിടം സമ്മാനിക്കുന്നത്. തെളിഞ്ഞ നീലനിറത്തില്‍ പരന്നുകിടക്കുന്ന ഈ തടാകം കാണാന്‍ നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഇവിടുത്തെ വെള്ളത്തിന്റെ പ്രതേകത എന്തെന്നാല്‍ ഇവിടുത്തെ തടാകത്തിലെ ചൂടുവെള്ളമാണ്. ഈ ജിയോതെര്‍മല്‍ ജലാശയം എപ്പോഴും സഞ്ചാരികളാല്‍ സമൃദ്ധമാണ്. തൊട്ടടുത്തുള്ള ജിയോ തെര്‍മല്‍ സ്റ്റേഷനിലേക്ക് വെള്ളം സംഭരിക്കാന്‍ വേണ്ടിയാണ് ഈ തടാകം ഉപയോഗിക്കുന്നത്. പവര്‍ സ്റ്റേഷനില്‍ നിന്ന് ഒഴുകിയെത്തുന്നതിനാലാണ് ഈ വെള്ളത്തിന് ചൂട് അനുഭവപ്പെടുന്നത്.

ഈ തടാകത്തെ ചുറ്റിപറ്റി നിരവധി കഥകളും ഈ പ്രദേശത്ത് പരക്കുന്നുണ്ട്. ഇവിടുത്തുകാര്‍ ഇതിനെ ഔഷധഗുണമുള്ള വെള്ളമായാണ് കണക്കാക്കുന്നത്. ഇതില്‍ കുളിച്ചാല്‍ രോഗശമനം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. പണ്ടൊരിക്കല്‍ ഈ ലഗൂണില്‍ കുളിക്കാനെത്തിയ സോറിയാസിസ് പിടിപെട്ട ഒരാള്‍ക്ക് ഇതില്‍ കുളിച്ചതിന് ശേഷം രോഗമുക്തി ഉണ്ടായെന്നും പറയപ്പെടുന്നു. അതോടെ ഇത് ഔഷഗുണമുള്ള വെള്ളമാണെന്ന രീതിയില്‍ കഥകള്‍ പരക്കാന്‍ തുടങ്ങി. ഇതോടെ രോഗശമനത്തിനായി ഇങ്ങോട്ടേക്ക് ആളുകള്‍ എത്താന്‍ തുടങ്ങി. അങ്ങനെയാണ് ഇവിടെ സഞ്ചാരികള്‍ക്ക് കുളിക്കാന്‍ സൗകര്യം ഒരുക്കിയത്.
പിന്നീട് 1992 ല്‍ തടാകത്തിന്റെ മേല്‍നോട്ടത്തിനായി ബ്ലൂ ലഗൂണ്‍ എന്ന പേരില്‍ കമ്ബനി ആരംഭിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പഠനത്തില്‍ വെള്ളത്തില്‍ സള്‍ഫര്‍ അടങ്ങിയതിനാല്‍ ഇത് സോറിയാസിസ് ശമനത്തിന് കാരണമാകുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചു. മാത്രവുമല്ല സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും വിപണനം ചെയ്യാന്‍ തുടങ്ങി.

ഓരോ 48 മണിക്കൂറിലും തടാകത്തിലെ വെള്ളം മാറ്റുന്നതിനാല്‍ വെള്ളത്തിന്റെ ശുചിത്വത്തിന്റെ കാര്യത്തിലും സന്ദര്‍ശകര്‍ക്ക് ഭയമില്ല. പ്രതിവര്‍ഷം ദശലക്ഷ കണക്കിന് സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഐസ്‌ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലം കൂടിയാണിത്.