ന്യൂയോര്‍ക്ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവെച്ചു. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത് ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയില്‍ ആണ് വൃക്ക മാറ്റിവെക്കല്‍ പരീക്ഷിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുന്‍പായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂര്‍ണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പുതിയ വൃക്ക സ്വീകര്‍ത്താവിന്റെ രക്തക്കുഴലുകളിലേക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇത്തരത്തില്‍ നിരീക്ഷണം നടത്തിയതില്‍ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തന ഫലങ്ങള്‍ ”വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്. തുടര്‍ന്ന് വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മൂത്രം ഉല്‍പാദിപ്പിക്കുകയും ചെയ്തുവെന്ന് എന്‍വൈയു ലാന്‍ഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് മോണ്ട്‌ഗോമെറി അറിയിച്ചു. പ്രതീക്ഷിച്ചതിലും വിജയമായിരുന്നു ശസ്ത്രക്രിയ. ഇത് ശുഭസൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വരുത്തിയ പന്നികള്‍ അവയവങ്ങളുടെ ഉറവിടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനെതിരേ ചില ഡോക്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ വളര്‍ച്ച കൈവരിക്കാന്‍ പന്നികള്‍ക്ക് 6 മാസം മതി. പന്നികളുടെ ഹൃദയവാല്‍വുകള്‍ മനുഷ്യരില്‍ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ചില പ്രമേഹരോഗികള്‍ പന്നികളുടെ പാന്‍ക്രിയാസ് സെല്ലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവര്‍ക്ക് താല്‍ക്കാലികമായി പന്നിയുടെ ചര്‍മം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.