മുംബൈ: ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെയും സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ വിചാരണ വേളയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ കേട്ടശേഷം ജാമ്യാപേക്ഷയില്‍ വിധിപറയുന്നതിനായി ഒക്ടോബര്‍ 20ലേക്ക് മാറ്റുകയായിരുന്നു.

വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എന്‍സിബി ആര്യന്റെ ജാമ്യ ഹരജിയെ എതിര്‍ക്കുന്നത്.

എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ആയതിനാല്‍ ആര്യനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ആര്യന്‍ ഖാന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ സജീവ കണ്ണിയാണെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചത്.

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട പലരുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നതായും എന്‍സിബി കൂട്ടിച്ചേര്‍ത്തു. സ്‌പെഷ്യല്‍ ജഡ്ജ് വി.വി. പാട്ടീലിന് മുന്‍പിലായിരുന്നു എന്‍.സി.ബി ഇക്കാര്യം അറിയിച്ചത്.