കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 248.75 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം ടെര്‍മിനലിന് സ്ഥലം കണ്ടെത്തണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം യോഗം തള്ളി. പകരം റണ്‍വേയുടെ വികസനത്തിന് മുന്‍തൂക്കം നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നു. ഏറ്റെടുക്കുന്നതില്‍ 96.5 ഏക്കര്‍ റണ്‍വേയ്ക്കും 137 ഏക്കര്‍ ടെര്‍മിനലിനും 15.25 ഏക്കര്‍ കാര്‍ പാര്‍ക്കിംഗിനുമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി സ്ഥലമുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും.

വലിയ വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ വര്‍ഷം വിമാനാപകടം ഉണ്ടായത് റണ്‍വേയുടെ അപര്യാപ്തത കൊണ്ടല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് വലിയ വിമാനമിറങ്ങാന്‍ തടസമില്ലെന്നും കാര്‍ഗോ സര്‍വീസ് പുനഃരാരംഭിച്ചാലേ കയറ്റുമതി മെച്ചപ്പെടൂവെന്നും യോഗം വിലയിരുത്തി.