മിസൈല്‍ മാന്‍, ഇന്ത്യയുടെ രാഷ്ട്രപതി, അതിലുമപ്പുറം വലിയൊരു മനുഷ്യനായി ജീവിച്ചുമരിച്ച എ.പി.ജെ അബ്ദുല്‍ കലാമിന്റെ തൊണ്ണൂറാം ജന്മവാര്‍ഷിക ദിനമാണിന്ന്. സമൂഹത്തിനെയൊന്നാകെ ഉത്തേജിപ്പിക്കാന്‍ കലാമിനു സാധിച്ചു. രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ നിരവധിപേരെ നമ്മള്‍ കണ്ടു. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്ന പദവിയിലെത്തിയ ഏക വ്യക്തി കലാം മാത്രമായിരുന്നു.

കുട്ടികളെയും യുവാക്കളെയും ഇത്രയേറെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. 1.6 കോടി യുവാക്കളെ നേരിട്ടുകണ്ടാണ് തന്റെ ആശയങ്ങള്‍ പങ്കുവച്ചത്. കുട്ടികളെ മാത്രമല്ല എല്ലാവരെയും അദ്ദേഹം സ്നേഹിച്ചു. ഏവരുടെയും ബഹുമാനവും ആദരവും പിടിച്ചുവാങ്ങി. രാജ്യത്ത് അഴിമതിയില്ലാതാക്കാന്‍ നിയമമല്ല മൂല്യങ്ങളാണുണ്ടാകേണ്ടതെന്നാണ് അദ്ദേഹം ഉണര്‍ത്തിയത്.

അദ്ദേഹത്തിന്റെ  വാക്കുകളിലേക്ക്:

വിജയ കഥകള്‍ മാത്രം വായിച്ചതുകൊണ്ട് കാര്യമില്ല. അതില്‍ നിന്ന് ഏതാനും സന്ദേശങ്ങള്‍ മാത്രമേ നിങ്ങള്‍ കിട്ടുകയുള്ളൂ. പരാജയ കഥകള്‍ വായിക്കുക. വിജയം നേടാന്‍ സഹായിക്കുന്ന ചില ആശയങ്ങള്‍ അതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും

ഒരു നല്ല പുസ്തകം നൂറ് നല്ല കൂട്ടുകാര്‍ക്ക് സമാനമാണ്. എന്നാല്‍ ഒരു നല്ല സുഹൃത്ത് ഗ്രന്ഥശാലയ്ക്ക് സമാനമാണ്

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മനസുകൊണ്ട് ഉപേക്ഷിക്കണം. പിന്നീട് പശ്ചാത്തപിക്കുന്നതിലും നല്ലത് അതാണ്

ഒരു ജോലി ചെയ്യാന്‍ നിങ്ങള്‍ എത്രത്തോളം വിദഗ്ധനാണ് എന്നതിനേക്കാള്‍ നിങ്ങള്‍ ജോലി ചെയ്യാനുള്ള അര്‍പ്പണമനോഭാവമാണ് ഏറ്റവും പ്രധാനം

ഒരാളെയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോള്‍ ആ മുറിവ് ഉണക്കാനോ ഒരു ക്ഷമ പറയാനോ പോലും ജീവിതത്തില്‍ പിന്നീട് അവസരം ലഭിച്ചില്ല എന്നുവരാം.

പലപ്പോഴും ഞാന്‍ പുറകോട്ട് ചിന്തിക്കുമ്പോള്‍ തോന്നാറുണ്ട്. കൂട്ടുകാരുമൊത്ത് നേരം കൊന്നിരുന്ന കാലമാണ് ഏറ്റവും മികച്ചതെന്ന്, കാരണം ആ കാലമാണ് ഓര്‍മകളില്‍ എനിക്ക് സന്തോഷവും ചിരിയും സമ്മാനിക്കുന്നത്, അല്ലാതെ പണവും പ്രശസ്തിയും മാര്‍ക്ക്ഷീറ്റും നല്‍കുന്ന ഓര്‍മകളല്ല

നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ഛയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്