കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് വയോധിക മരിച്ചതായി പരാതി. ഫറോക്ക് അഴിഞ്ഞിലം സ്വദേശിനി സരോജിനിയാണ് മരിച്ചത്. ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതിനൽകി.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ചയാണ് സരോജിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അലർജിയുണ്ടെന്ന് കണ്ടതിനാൽ ആദ്യം കുറിച്ച ഇഞ്ചക്ഷൻ ഒഴിവാക്കിയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് പിന്നീട് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ചൊവ്വാഴ്ച വാർഡിൽ വച്ച് ഇഞ്ചക്ഷൻ നൽകിയതിനു പിന്നാലെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചു എന്ന് ബന്ധുക്കൾ പറയുന്നു. ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

അമ്മയ്ക്ക് ആൻ്റിബയോട്ടിക്സ് ഇഞ്ചക്ഷൻ അലർജിയാണ്. അതാണോ നൽകിയതെന്ന് നഴ്സിനോട് ചോദിച്ചു എന്ന് മകൾ ബിന്ദു പറഞ്ഞു. അക്കാര്യം നേരത്തെ പറയേണ്ടതല്ലേ എന്ന നഴ്സിൻ്റെ ചോദ്യത്തിന് അതൊക്കെ ബുക്കിൽ എഴുതിയിട്ടില്ലേ എന്ന് താൻ ചോദിച്ചു എന്നും മകൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ, മരുന്ന് മാറി നൽകിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.