ധമനികളുടെ കട്ടി വിലയിരുത്തുന്നത് കോവിഡ് -19 വൈറസ് ബാധ മൂലം മരണമടയാന്‍ സാധ്യതയുള്ള രോഗികളെ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. എസ്റ്റിമേറ്റഡ് പള്‍സ് വേവ് പ്രവേഗം (ഇപിഡബ്ല്യുവി) കോവിഡ് വൈറസ് മൂലം ആശുപത്രിയില്‍ മരണ സാധ്യതയുള്ള രോഗികളെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് എന്നാണ് കണ്ടെത്തല്‍. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അപകട സാധ്യത എത്രത്തോളമാണെന്ന് തിരിച്ചറിയുന്നത് ചികിത്സയെ സംബന്ധിച്ച്‌
വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. ഏത് ചികിത്സാ രീതിയാണ് അവലംബിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇപിഡബ്ല്യുവി മുഖേന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ അപകടസാധ്യത എത്രത്തോളമാണെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തെളിയിച്ചത്. യു കെ, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള 1,671 ആളുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇപി‌ഡബ്ല്യുവി ഉപയോഗിക്കുന്നത് രോഗനിര്‍ണയ മൂല്യം മെച്ചപ്പെടുത്തുന്നുവെന്നും, കോവിഡ് -19 മൂലം തീവ്രമായ രോഗാവസ്ഥ ഉണ്ടായാല്‍ ചികിത്സ സംബന്ധിച്ച തീരുമാനങ്ങള്‍ സുഗമമാകുമെന്നുമാണ് പുതിയ കണ്ടെത്തല്‍.

“ധമനികളുടെ കട്ടി കൂടുതലാണെങ്കില്‍ അത് കോവിഡ് -19 അണുബാധ മൂലമുള്ള മരണനിരക്ക് പ്രവചിക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. പ്രായാധിക്യത്തിന്റെയും ഉയര്‍ന്ന അപകടസാധ്യതയുള്ള കാര്‍ഡിയോവാസ്കുലര്‍ പ്രൊഫൈലിന്റെയും ആകെത്തുകയാണ് ഇതിലൂടെ പ്രതിഫലിക്കപ്പെടുന്നത്”, ന്യൂകാസിലിലെ കാര്‍ഡിയോവാസ്കുലര്‍ മെഡിസിന്‍ പ്രൊഫസര്‍ കോണ്‍സ്റ്റാന്റിനോസ് സ്റ്റെല്ലോസ് പറഞ്ഞു. കോവിഡ് -19 രോഗികളില്‍ മറ്റ് രോഗങ്ങള്‍ ഉള്ളവരെ അപേക്ഷിച്ച്‌ ഇപിഡബ്ല്യുവി വളരെ ഉയര്‍ന്നതാണെന്ന് പഠനത്തില്‍ പറയുന്നു.

പള്‍സ്-വേവ് പ്രവേഗം (ഇപിഡബ്ല്യുവി) എന്നത് ഹൃദയധമനികളുടെ അപകടസാധ്യതയുടെ അളവുകോലാണ്. കണങ്കാലിലും കഴുത്തിലും സെന്‍സറുകള്‍ ഉപയോഗിച്ച്‌ കരോട്ടിഡ് പള്‍സ് മര്‍ദ്ദം, ഫെമോറല്‍ പള്‍സ് മര്‍ദ്ദം, ഇവ രണ്ടും തമ്മിലുള്ള സമയവ്യത്യാസം എന്നിവ പരിശോധിച്ചോ അല്ലെങ്കില്‍ പള്‍സ്-വേവ് വിശകലനത്തെ ആശ്രയിക്കുന്ന മറ്റ് രീതികള്‍ ഉപയോഗിച്ചോ പള്‍സ് വേവ് പ്രവേഗം ലളിതമായി അളക്കാന്‍ കഴിയും.