കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയോടെയായിരിക്കും സംസ്‌കാരം.

ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്ന് കുടവട്ടൂർ എൽ പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. ശേഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പന്ത്രണ്ട് വയസ് മുതൽ പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹമെന്ന് ബന്ധു മോഹൻകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടുകാർ പോലും അറിയാതെയാണ് സെലക്ഷന് പോലും പോകുന്നതെന്നും മെഹൻകുമാർ പറഞ്ഞു. ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ചുകൊണ്ട് ട്വന്റിഫോറിന്റെ പ്രത്യേക ‘എൻകൗണ്ടർ’ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്തൊൻപതാം വയസിലാണ് വൈശാഖ് സൈന്യത്തിൽ ചേരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു വൈശകൻ. അമ്മയേയും സഹോദരിയേയും നന്നായി നോക്കണം എന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. അടുത്ത തവണ നാട്ടിൽ വരുമ്പോൾ സഹോദരിയുടെ വിവാഹത്തിനുള്ള എല്ലാ ഏർപാടുകളും ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും ബന്ധു മോഹൻകുമാർ പറഞ്ഞു. അച്ഛന്റെ ഭാഗത്ത് നിന്ന് വൈശാഖന് സഹായമൊന്നും ലഭിച്ചിരുന്നില്ലെന്ന് മോഹൻകുമാർ പറഞ്ഞു. അമ്മ ഒറ്റയ്ക്കാണ് രണ്ട് മക്കളേയും വളർത്തിയതും പഠിപ്പിച്ചതും. അമ്മയ്ക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. വൈശാഖന്റെ സ്വന്തം പ്രയത്‌നത്തിൽ ആണ് ഈ ചെറുപ്രായത്തിൽ തന്നെ ഒരു വീട് വയ്ക്കുന്നതെന്നും മോഹൻകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

പിറന്ന നാടിനു വേണ്ടി ജീവൻ ബലികഴിപ്പിച്ച ധീരജവാൻ വൈശാഖ്, നാട്ടുകാർക്ക് അവരുടെ പ്രിയപ്പെട്ട അക്കുവാണ്. നാലു മാസങ്ങൾക്ക് മുൻപാണ് വൈശാഖ് അമ്മയ്ക്കും സഹോദരിക്കുമായി സുരക്ഷിതമായ വീട് ഒരുക്കിയത്. വാടകവീട്ടിൽ നിന്നുമുള്ള സ്വപ്നസാക്ഷാത്കാരം. പക്ഷേ ഈ വീട്ടിൽ ഒരു അവധിക്കാലം മാത്രമേ ഈ ധീര സൈനികന് ചിലവഴിക്കാനായുള്ളൂ. ഒന്നരമാസം മുൻപ് ഒടുവിലത്തെ അവധിക്ക് വന്നപ്പോൾ അമ്മയ്ക്ക് സഞ്ചരിക്കാനായി ഒരു കാറും വൈശാഖ് വാങ്ങി നൽകിയിരുന്നു.

വെറും 24 വയസിനിടയിൽ ഒരു ആയുസിന്റെ സംഭാവനകൾ വീട്ടുകാർക്കും പിറന്ന മണ്ണിനും നൽകിയ ശേഷമാണ് വൈശാഖിന്റെ വീരമൃത്യു.