മുംബയ്: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ഖാന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി. ഇന്നലെ കോടതിയില്‍ നടന്ന വാദത്തിനിടെ ആര്യന്‍ മയക്കുമരുന്ന് കടത്തിയെന്ന ആരോപണം അസംബന്ധമാണെന്നും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്ബോള്‍ ആര്യന്‍ഖാന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ അഡ്വ. അമിത് ദേശായി കോടതിയില്‍ പറഞ്ഞു.

‘ പരിശോധന നടക്കുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ചെക്‌ഇന്‍ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യന്‍ഖാന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. തീര്‍ത്തും തെറ്റായ ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉയര്‍ത്തുന്നത്. ആര്യന്‍ഖാന്‍ കൈയില്‍ പണം കരുതിയിരുന്നില്ല. അതിനാല്‍ തന്നെ ലഹരിമരുന്ന് വാങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് പിടികൂടിയ ചരസ് ഉപയോഗിക്കുമായിരുന്നെന്ന് ആര്യന്‍ ഖാന്‍ സമ്മതിച്ചതായി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു. എന്നാല്‍, ബലപ്രയോഗത്തിലൂടെയാണ് ഇത്തരമൊരു കുറ്റസമ്മതം നടത്തിയതെന്ന് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ആര്യന്റെ വാട്സാപ്പ് ചാറ്റുകളില്‍ നിന്ന് വിദേശ ബന്ധം കണ്ടെത്തിയെന്നും മയക്കുമരുന്നുകള്‍ വലിയ തോതില്‍ കടത്തുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും എന്‍.സി.ബി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും സുഹൃത്തുക്കളും ഉള്‍പ്പെടെ 16 പേരാണ് മുംബൈ ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ അറസ്റ്റിലായത്. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് സേത് മര്‍ച്ചന്റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസുമാണ് പിടികൂടിയതെന്നും എന്‍.സി.ബി അറിയിച്ചിരുന്നു.