അടിമാലി: വില കൂടുതല്‍ കിട്ടാന്‍ ഏലക്കയില്‍ കൃത്രിമ നിറം ചേര്‍ക്കുന്നത്​ വ്യാപകമാകുന്നു. ബൈസണ്‍വാലിയില്‍ നിന്നും കളറും രാസവസ്തുവും ചേര്‍ത്ത 4.5 കിലോ ഉണക്ക ഏലക്ക പിടിച്ചെടുത്ത് തീയിട്ട്​ നശിപ്പിച്ചു. കടുത്ത പച്ച നിറമുള്ള ഉണങ്ങിയ ഏലത്തിന്​ വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കും. ഇതില്‍ കണ്ണുനട്ടാണ്​ ചില കര്‍ഷകരും വ്യാപാരികളും കൃത്രിമ നിറം ചേര്‍ക്കുന്നത്. ഒരുകിലോ ഉണക്ക ഏലക്കക്ക്​ 1,000 -1,800 രൂപയാണ്​ ഇപ്പോഴത്തെ വില നിലവാരം.

ഇടുക്കി ജില്ലയില്‍ ഏലം ഉല്‍പാദന മേഖലയില്‍ അനധികൃതമായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്​ ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി തുടങ്ങിയത്​. കൃത്രിമ നിറങ്ങളുടെയും ഫുഡ് ഗ്രേഡ് അല്ലാത്ത രാസവസ്തുക്കളുടെയും ഉപയോഗം വര്‍ധിക്കുകയാണ്​. ഇതിന്‍റ അടിസ്​ഥാനത്തില്‍ ‘ഓപ്പറേഷന്‍ ഏലാച്ചി’ എന്ന ​േപരില്‍ 2020 ഒക്ടോബര്‍ മാസമാണ്​ പ്രത്യേക സ്‌ക്വാഡ് രൂപവത്​കരിച്ച്‌​ പരിശോധന തുടങ്ങിയത്​.

ബൈസണ്‍വാലി മേഖലയില്‍ പലയിടങ്ങളിലും മായം ചേര്‍ക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ 30 ഓളം പരിശോധനകളിലാണ്​ 4.5 കിലോ ഏലക്ക കണ്ടെത്തി നശിപ്പിച്ചത്. കൂടാതെ 6 സാമ്ബിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു. ബൈസണ്‍വാലി പഞ്ചായത്തില്‍ പോസ്റ്റ് ഓഫിസ്​ പടിയില്‍ പ്രവര്‍ത്തിക്കുന്ന ഏലം ഡ്രൈയിങ്​ യൂനിറ്റില്‍ നിന്നാണ്​ നിറം ചേര്‍ത്ത ഏലക്ക പിടികൂടി പിഴ ചുമത്തിയത്​.

കഴിഞ്ഞ വര്‍ഷം ഭക്ഷ്യ സുരക്ഷ വകുപ്പും സ്‌പൈസസ്​ ബോര്‍ഡും നടത്തിയ 40ഓളം പരിശോധനകളില്‍ ഇത്തരം കൃത്രിമം കണ്ടെത്തിയിരുന്നു. അന്ന് ഒരുസ്ഥാപനം അടപ്പിക്കുകയും 1 ലക്ഷം രൂപ വരെ പിഴ ഇൗടാക്കുകയും ചെയ്തു.

സുഗന്ധ വ്യഞ്ജനങ്ങളില്‍ കൃത്രിമ നിറങ്ങളുടെ ഉപയോഗം ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം അനുവദിനീയമല്ല. അങ്ങനെ ചെയ്താല്‍ സ്ഥാപനം പൂട്ടിച്ച്‌​ പിഴ ഈടാക്കുമെന്ന്​ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനകള്‍ക് ദേവികുളം ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ബൈജുജോസഫ്, തൊടുപുഴ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍. ഷംസിയ എന്നിവര്‍ നേതൃത്വം നല്‍കി.