ഐആര്‍സിടിസി അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. ‘ദേഖോ അപ്നാ ദേശ്’ എന്ന് പേരിട്ട ഈ സംരംഭത്തിന്റെ ഭാഗമായി അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കണ്ടു മടങ്ങാം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 14 രാത്രിയും 15 പകലും നീണ്ട് നില്‍ക്കുന്നതായിരിക്കും യാത്ര.

യാത്രയില്‍ ഉള്‍ക്കൊള്ളുന്ന നഗരങ്ങള്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഒരു പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ ഐആര്‍സിടിസി ആദ്യമായാണ് പദ്ധതിയിടുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര, ഗുവാഹത്തി, കാസിരംഗ, അസമിലെ ജോണ്‍ഹാര്‍ട്ട്, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍, നാഗാലാന്‍ഡിലെ കൊഹിമ, ഉന കോടി, അഗര്‍ത്തല, ത്രിപുരയിലെ ഉദയ്പൂര്‍, ഷില്ലോംഗ്, മേഘാലയയിലെ ചിറാപുഞ്ചി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.

ബോര്‍ഡിംഗ് പോയിന്റുകള്‍

ഡല്‍ഹി സഫ്ദര്‍ജംഗിന് പുറമേ, ഗാസിയാബാദ്, തുണ്ട്ല, കാണ്പൂര്‍, ലക്നൗ, വാരാണസി, പട്ന റെയില്‍വേ സ്റ്റേഷനുകളില്‍ സഞ്ചാരികള്‍ക്ക് പ്രത്യേക ട്രെയിനില്‍ കയറാം. നവംബര്‍ 26 ന് ഡല്‍ഹി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ പാക്കേജില്‍ അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ഒരു ജംഗിള്‍ സഫാരി അടക്കം പ്രധാന കേന്ദ്രങ്ങളിലെ ആകര്‍ഷണീയതകള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സഞ്ചാരികള്‍ക്ക് അസമിലെ കാമാഖ്യ ക്ഷേത്രം, ത്രിപുരയിലെ ത്രിപുര്‍ സുന്ദരി ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കും.

2 AC- യില്‍ ഒരാള്‍ക്ക് 85,495 രൂപ മുതലും 1AC- യില്‍ 1,02,430 രൂപ മുതലും ആരംഭിക്കുന്നതാണ് പാക്കേജുകള്‍. സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ക്ക് ധനമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യോഗ്യതയനുസരിച്ച്‌ ഈ പര്യടനത്തില്‍ എല്‍ടിസി സൗകര്യം പ്രയോജനപ്പെടുത്താം.

യാത്രക്കാര്‍ക്ക് രുചികരമായ ഭക്ഷണം, എസി ബസുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഡീലക്സ് ഹോട്ടലുകളില്‍ താമസം, ഗൈഡ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ഡീലക്സ് ക്ലാസ് സൗകര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു, പൂര്‍ണ്ണമായി രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ ലഭിച്ച ആളുകളെ മാത്രമേ ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണമാണ് യാത്രയില്‍ ഉടനീളം നല്‍കുക. ട്രെയിന്‍ സൂപ്രണ്ടായി ഒരു ഐആര്‍സിടിസി ഉദ്യോഗസ്ഥന്‍ കാണും. ഓരോ കോച്ചിനും പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകും. കൂടാതെ, ടൂര്‍ എസ്കോര്‍ട്ടുകള്‍, എസ്‌ഐസി അടിസ്ഥാനത്തില്‍ നോണ്‍-എസി റോഡ് ട്രാന്‍സ്ഫറുകള്‍, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഐആര്‍സിടിസി ബസ് ടിക്കറ്റിംഗ് സൗകര്യം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കിയത്. ഇതിന് മുന്നോടിയായി ഇന്ത്യന്‍ റെയില്‍വേ ഒരു ട്രയല്‍ റണ്‍ നടത്തിയിരുന്നു. ട്രെയിന്‍, ഫ്ലൈറ്റ് ബുക്കിംഗുകള്‍ക്കുള്ള ഐആര്‍സിടിസിയുടെ സര്‍വീസ് ഇതിനകം തന്നെ ആളുകള്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.