കൊല്ലം| ഉത്ര കേസിലെ വിധി അബദ്ധജഡിലവും അപക്വവുമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക് കുമാര്‍. പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുകളില്ലെന്ന് ആവര്‍ത്തിച്ച അഭിഭാഷകന്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി. കോടതി നടത്തിയത് ധാര്‍മ്മിക ബോധ്യ പ്രഖ്യാപനം മാത്രമാണെന്നാണ് കുറ്റപ്പെടുത്തല്‍.

സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നല്‍കാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. നാല് വകുപ്പുകള്‍ അനുസരിച്ച്‌ സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വര്‍ഷത്തെയും ഏഴ് വര്‍ഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി.

പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടെങ്കിലും ഈ കേസില്‍ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മേല്‍ക്കോടതി വിധികളോ സര്‍ക്കാര്‍ തീരുമാനമോ ഉണ്ടായില്ലെങ്കില്‍ ജീവതാവസാനം വരെ തടവില്‍ കിടക്കണം. കേസില്‍ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷന്‍സ് മജിസ്‌ട്രേറ്റ് എം മനോജാണ് വിധി പ്രസ്താവിച്ചത്.