അബുദാബി: 60 കാരന്‍ മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ ഭാര്യ. അബുദാബിയിലാണ് സംഭവം. തന്റെ ഭര്‍ത്താവിനെ ചികിത്സിച്ച ആശുപത്രി അധികൃതരും ഡോക്ടറും കുറ്റക്കാരാണെന്നും ഇവര്‍ തനിക്ക് 15 ലക്ഷം ദിര്‍ഹം (മൂന്ന് കോടിയോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി .

അബുദാബി സിവില്‍ കോടതിയിലാണ് ഭാര്യ ഹര്‍ജി നല്‍കിയിരിക്കുന്നത് . ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് താനും 10 വയസില്‍ താഴെ മാത്രം പ്രായമുള്ള തന്റെ മക്കളും മാനസികമായും സാമ്ബത്തികമായും പ്രയാസപ്പെടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബ നാഥന്‍ മരണപ്പെട്ടതോടെ താന്‍ ജീവിതം തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്നെന്നും പരാതിയിലുണ്ട്.

മൂത്രം പോകാന്‍ ട്യൂബ് ഇട്ടതിന് ശേഷവും മൂത്ര തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 60 കാരനെ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ എത്തിച്ചത്. രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ക്യാന്‍സര്‍ ബാധിതനാണ് രോഗിയെന്ന് സംശയിച്ചതിനെ തുടര്‍ന്ന് പിന്നീട് ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിലേക്ക് റഫര്‍ ചെയ്‍തു. വിശദമായ പരിശോധനയില്‍ 14 സെ.മി വ്യാസമുള്ള മുഴ കണ്ടെത്തുകയായിരുന്നു. രോഗിക്ക് വേദന കഠിനമായതോടെ പാലിയേറ്റീവ് കീമോ തെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും തുടര്‍ന്ന് മരണo സംഭവിക്കുകയുമായിരുന്നു .

തന്റെ ഭര്‍ത്താവിന് മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചികിത്സ ലഭിച്ചില്ലെന്ന് ഭാര്യ ആരോപിക്കുന്നു. ശരിയായ രോഗനിര്‍ണയം സാധ്യമാവാത്തതിനാല്‍ തന്റെ ഭര്‍ത്താവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്നും മുഴ കണ്ടെത്താന്‍ വൈകിയത് കാരണം അതിനുള്ള ചികിത്സ നല്‍കാന്‍ ഏഴ് മാസം താമസിച്ചെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടി .ഇത് ക്യാന്‍സര്‍ വ്യാപിക്കാനും രോഗിയുടെ നില മോശമാവാനും കാരണമായെന്നും മരണത്തിലേക്ക് നയിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസ് വിധി പറയാനായി കോടതി മാറ്റി