ഉത്രാവധക്കേസില്‍ പ്രതി സൂരജിന് വിധിച്ച ശിക്ഷയില്‍ അതൃപ്തിയറിയിച്ച് ഉത്രയുടെ മാതാപിതാക്കള്‍. മകള്‍ക്ക് നീതികിട്ടണമെങ്കില്‍ വധശിക്ഷ ലഭിക്കണമായിരുന്നെന്ന് ഉത്രയുടെ അമ്മ മണിമേഖല പ്രതികരിച്ചു.

‘ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നാട്ടില്‍ ഇത്തരത്തിലുള്ള പ്രതികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇരട്ട ജീവപര്യന്തത്തില്‍ തൃപ്തരല്ല. അടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകും’. മണിമേഖല പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

പ്രോസിക്യൂഷന്റെ പ്രതികരണം: കൊലപാതകം ഒഴികെയുള്ള ബാക്കി ചുമത്തിയ എല്ലാ വകുപ്പുകള്‍ക്കും പരമാവധി ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും കണക്കിലെടുത്താണ് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയും വിധിച്ചത്. 17 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമാണ് ഇരട്ടജീവപര്യന്തത്തിലേക്ക് കടക്കുക.

കേരളം കാത്തിരുന്ന ചരിത്ര വിധിക്കാണ് ഇന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി സാക്ഷിയായത്. ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. ഉത്രാ വധക്കേസില്‍ പ്രതി സൂരജ് ഇരട്ട ജീവപര്യന്തം അനുഭവിക്കണം.

വിധി പ്രസ്ഥാവം കേള്‍ക്കാന്‍ ഉത്രയുടെ സഹോദരന്‍ വിഷു, അന്വേഷണ ഉദ്യോഗസ്ഥന്‍ എ അശോക് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. ഉത്രയുടെ അച്ഛന്‍ വിജയസേനനും കോടതിയില്‍ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.