കൊല്ലം: ‘അവന് ആഗ്രഹിച്ചുകിട്ടിയ ജോലിയാണ്, ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ അവനിലായിരുന്നു. നഷ്ടം ചെറുതല്ലെങ്കിലും അവന്റെ വീരമൃത്യു രാജ്യത്തിന് വേണ്ടിയാണെന്നോര്‍ക്കുമ്ബോള്‍ അഭിമാനമുണ്ട്”- ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്‌ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ പിതാവ് ഹരികുമാര്‍ പറയുന്നു. ഹരികുമാര്‍ മുമ്ബ് സൗദിഅറേബ്യയിലായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി കുറേക്കാലം എറണാകുളത്തെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്‌തു. എന്നാല്‍ കൊവിഡില്‍ ജോലി നഷ്ടമായി. മറ്റൊരുജോലി തേടി ഒരാഴ്ച മുന്‍പ് എറണാകുളത്തേക്ക് പോയതാണ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് വൈശാഖിന്റെ മരണവാര്‍ത്ത അറിഞ്ഞത്.

‘കുട്ടിക്കാലത്തുതന്നെ പട്ടാളത്തില്‍ ചേരണമെന്ന് അവന്‍ പറയാറുണ്ടായിരുന്നു. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഞാന്‍ വിദേശത്തായതിനാല്‍ അവനുമായി അധികസമയം ചെലവഴിക്കാന്‍ കഴിയാറില്ല. അമ്മയും അനിയത്തിയുമാണ് കൂട്ട്. സ്കൂള്‍ ക്രിക്കറ്റ്, ഫുട്ബാള്‍ ടീമുകളിലുണ്ടായിരുന്നു. ജോലി കിട്ടിയതില്‍പ്പിന്നെ അവധിക്കുവന്നാല്‍ കളിസ്ഥലത്തേക്കിറങ്ങും. നേരെചൊവ്വേ കാണാന്‍പോലും കിട്ടാറില്ല. വീട്ടുകാര്യങ്ങളില്‍ നല്ല ശ്രദ്ധയുണ്ടായിരുന്നു”- ഹരികുമാറിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

കുടുംബവസ്തുവിറ്റും കുറച്ച്‌ കടംവാങ്ങിയുമാണ് പതിനഞ്ച് സെന്റ് ഭൂമി വാങ്ങി വീട് പണിതത്. അത് മുഴുവന്‍ വൈശാഖിന്റെ കഷ്ടപ്പാടാണ്. എന്നാല്‍ ആഗ്രഹിച്ചുവച്ച വീട്ടില്‍ ഏറെനാള്‍ താമസിക്കാന്‍ വൈശാഖിന് ഭാഗ്യമുണ്ടായില്ല.