തിരുവനന്തപുരം: കനത്ത നാശനഷ്ടം വിതച്ച്‌ രണ്ടു ദിവസമായി പെയ്ത കാലംതെറ്റിയ മഴയില്‍ ഇന്നലെ നഷ്ടപ്പെട്ടത് നാലു ജീവനുകള്‍. വ്യാപക കൃഷിനാശവും സംഭവിച്ചു. മഴയ്ക്ക് കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനില്‍ക്കാനാണ് സാദ്ധ്യത. മദ്ധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും.

മലപ്പുറം കൊണ്ടോട്ടിയില്‍ പള്ളിക്കല്‍ മാതംകുളത്ത് അബൂബക്കര്‍ സിദ്ധിഖ്-സുമയ്യ ദമ്പതികളുടെ മക്കളായ ദിയാന ഫാത്തിമയും (7)​ ലുബാന ഫാത്തിമയും (ആറ് മാസം) ഉറങ്ങിക്കിടക്കവേ, വീടിന്റെ ഭിത്തി തകര്‍ന്ന് മരിച്ചു.

കൊല്ലം ആര്യങ്കാവ് നാഗമല ക്ഷേത്രത്തിലെ പൂജാരി ഗോവിന്ദ രാജ് (65) മലവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപെടാന്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിയോടവേ തടിപ്പാലം തകര്‍ന്ന് ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്.

ചേര്‍ത്തല കടക്കരപ്പള്ളിയില്‍ അംഗപരിമിതനായ ചിറയില്‍ വാസുദേവന്‍ (70) വീട്ടിലേക്കു പോകവേ, വെള്ളം നിറഞ്ഞു കിടന്ന പാടത്തില്‍ വീണു മരിച്ചു. മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശനിവരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തൃശൂര്‍ ജില്ലയില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി.പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്ബിക്കുളം ഡാമുകള്‍ തുറന്നതോടെ ചാലക്കുടി പുഴ കരകവിഞ്ഞാണ് കൂടുതല്‍ വീടുകള്‍ വെള്ളത്തിലായത്. ദുരന്തനിവാരണ സേനയെ രംഗത്തിറക്കി. മലക്കപ്പാറ റോഡ് അടച്ചു. ചാലക്കുടി റെയില്‍വേ അടിപ്പാത വെള്ളക്കെട്ടിലായി. ഗുരുവായൂര്‍ ക്ഷേത്ര പരിസരവും വെള്ളക്കെട്ടിലമര്‍ന്നു. അട്ടപ്പാടിയില്‍ ചുരം റോഡിലേക്ക് മലവെള്ളം വന്നിറങ്ങി. മണ്ണാര്‍ക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവധിയാളുകള്‍ വഴിയില്‍ കുടുങ്ങി.

മലമ്ബുഴ, കാഞ്ഞിരപ്പുഴ, മീങ്കര ഡാമുകള്‍ ഇന്ന് തുറന്നേക്കും. എറണാകുളത്ത് പെരിയാറി​ല്‍ വെള്ളമുയര്‍ന്ന് ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി​. ആലപ്പുഴ നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലും കുട്ടനാട്ടിലും വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ മുങ്ങി.കൊല്ലം തെന്മല ഡാമില്‍ വെള്ളം നിറഞ്ഞതോടെ മൂന്നു ഷട്ടറുകള്‍ 30സെന്റീമീറ്റര്‍ ഉയര്‍ത്തി.

കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡിലുള്‍പ്പടെ വെള്ളം കയറി.

കണ്ണൂര്‍ ആറളം, ആലക്കോട്, ശ്രീകണ്ഠപുരം മേഖലയില്‍ വ്യാപക മണ്ണിടിച്ചില്‍. മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി. കര്‍ണാടക വനമേഖലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പയ്യാവൂരില്‍ പുഴകള്‍ കരകവിഞ്ഞു. കാട്ടാന പയ്യാവൂരില്‍ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു.

ഓറഞ്ച് അലര്‍ട്ട്

ഇന്ന്: എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട്

വ്യാഴം: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

വെളളി: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

യെല്ലോ അലര്‍ട്ട്

ഇന്ന്: ആലപ്പുഴ, കോട്ടയം

വ്യാഴം: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,കണ്ണൂര്‍,കാസര്‍കോട്

വെളളി: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

ശനി: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്