മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് ജാമ്യം കിട്ടാത്തത് ഷാരൂഖ് ഖാന്റെ കുടുംബത്തിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. ആര്‍തര്‍ റോഡിലെ ജയിലിലേക്ക് തുടര്‍ച്ചയായി അദ്ദേഹവും കുടുംബവും ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷാരൂഖിന് അഭിഭാഷകര്‍ വേഗത്തില്‍ ജാമ്യം ലഭിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും ഫലം കാണാതെ പോയി.

അതേസമയം, മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ഷാരൂഖ്. ബാന്ദ്രയിലെ വീട്ടില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. കേസില്‍ ഷാരൂഖ് ഖാന്‍ ശരിക്കും തകര്‍ന്നുപോയെന്നും നിസ്സഹായനായി നില്‍ക്കുകയാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു. ശരിക്കും രോഷത്തിലാണ് അദ്ദേഹം. ഉറക്കമോ ഭക്ഷണമോ ഇല്ലാതെ മകനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നിസ്സഹായനായ പിതാവിന്റെ റോളിലാണ് ഷാരൂഖ് ഇപ്പോള്‍ ഉള്ളത്. നേരത്തെ സല്‍മാന്‍ ഖാനെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ നിന്ന് രക്ഷിച്ച അമിത് ദേശായ് എന്ന അഭിഭാഷകനാണ് ആര്യന് വേണ്ടി കോടതിയില്‍ ഹാജരായത്.

ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ ഇപ്പോഴുള്ളത്. എന്‍സിബി അധികൃതരെയും ജയില്‍ അധികൃതരെയും ഷാരൂഖും ഗൗരിയും നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്‍സിബി അധികൃതര്‍ വഴങ്ങുന്നില്ലെന്നാണ് വിവരം. എസിയും മറ്റ് കാര്യങ്ങളും ജയിലില്‍ എത്തിച്ച്‌ കൊടുക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്. ഇത് ജയില്‍ അധികൃതര്‍ അനുവദിച്ചേക്കും.

അതേസമയം എന്‍സിബി കേസില്‍ കടുത്ത നിലപാടിലാണ്. ആര്യനെതിരെ തെളിവുകളുണ്ടെന്ന് അവര്‍ ഉറപ്പിക്കുന്നു.

സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും ഷാരൂഖിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. സല്‍മാന്റെ മുന്‍ അഭിഭാഷകന്‍ കൂടിയാണ് ഷാരൂഖിനെ കേസില്‍ സഹായിക്കുന്നത്. നാളെയാണ് കോടതി വീണ്ടും ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.