‘രാപ്പകലില്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ജോലി സമയം കഴിഞ്ഞും ജോലികള്‍ തീര്‍ത്തിട്ടേ പോയിട്ടുള്ളൂ. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള ശമ്ബളം ഒന്നും കിട്ടിയിട്ടല്ല. നമ്മളുള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ടിയിട്ടാണല്ലോ ജോലി ചെയ്യുന്നത്. ഹൈ റിസ്‌ക് സമയങ്ങളില്‍ പോലും ഞങ്ങളുടെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ടാണ് പണിയെടുത്തത്. പിരിച്ചു വിടും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് നിന്നത്. പക്ഷേ പിരിച്ചുവിടുമ്ബോള്‍ ഞങ്ങള്‍ക്ക് ഒരു 15 ദിവസത്തെ സമയമെങ്കിലും തരുമെന്നാണ് കരുതിയത്. ആവശ്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില പോലെ എല്ലാവരേയും എടുത്തുകളഞ്ഞു. കോവിഡ് സമയത്ത് ആരോഗ്യമേഖലയ്ക്ക് കിട്ടിയ പ്രശംസകളെല്ലാം ഞങ്ങളും കൂടി പണിയെടുത്ത് ഉണ്ടാക്കിയതാണ്. പക്ഷേ പിരിച്ചുവിടുമ്ബോള്‍ പോലും, ഒരു നന്ദി, അല്ലെങ്കില്‍ ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല.’ രേഖ വേദനയോടെ പ്രതികരിച്ചു.

നിസ്വാര്‍ത്ഥതമായി, സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി, ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്ത 22,000 ആരോഗ്യപ്രവര്‍ത്തകര്‍; ഇവരെ കോവിഡ് ബ്രിഗേഡ് എന്നാണ് വിളിച്ചത്. അവരില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ നഴ്‌സ് രേഖ. കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി കോവിഡ് മഹാമാരിയെ തളക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, അവരില്‍ മുന്‍നിരയിലായിരുന്നു കോവിഡ് ബ്രിഗേഡ്. എന്നാല്‍ കോവിഡ് ബ്രിഗേഡ് നിര്‍ത്തലാക്കാനുള്ള തീരുമാനം വന്നതോടെ പിരിച്ചുവിടല്‍ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നട്ടെല്ലായിരുന്ന, 22,000 പേര്‍ക്ക് ജോലി ഇല്ലാതായി.

2020ലാണ് ദേശീയ ആരോഗ്യ മിഷന്‍ വഴി കോവിഡ് പോരാളികളെ നിയമിച്ചത്. കോവിഡ്-19 വ്യാപനം രൂക്ഷമായതോടെ സംസ്ഥാന ആരോഗ്യവകുപ്പിനും ആരോഗ്യസംവിധാനങ്ങള്‍ക്കും താങ്ങാനാവുന്നതിലപ്പുറത്തേക്ക് കാര്യങ്ങള്‍ പോയപ്പോഴാണ് എല്ലാ ജില്ലകളിലും ആവശ്യത്തിനനുസരിച്ച്‌ ആരോഗ്യപ്രവര്‍ത്തകരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇതിന് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. ആറ് മാസത്തെ കരാറടിസ്ഥാനത്തിലായിരുന്നു കോവിഡ് ബ്രിഗേഡ് നിയമനങ്ങള്‍. 2021 മാര്‍ച്ചില്‍ ആറ് മാസത്തെ കാലവധി പൂര്‍ത്തിയായി. എന്നാല്‍ കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തില്‍ ആറ് മാസത്തേക്ക് കൂടി കരാര്‍ പുതുക്കി. അതിന്റെ കാലാവധി സെപ്തംബര്‍ 30ന് അവസാനിച്ചു. അതിനിടെ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നിര്‍ത്തുന്നതായും അറിയിച്ചു. 2021ലെ പ്രവര്‍ത്തനത്തിനായി അനുവദിച്ച കേന്ദ്രഫണ്ടില്‍ നിന്നും ബ്രിഗേഡിനുള്ള തുക കേന്ദ്രം ഒഴിവാക്കി. ഇതോടെ കരാര്‍ പുതുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍ മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ ഇത്തരത്തില്‍ നിയമിതരായവരെ അടിയന്തിരമായി പിരിച്ചുവിടാനുള്ള നിര്‍ദ്ദേശമാണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ലഭിച്ചിട്ടുള്ളത്. ഇതനുസരിച്ച്‌ ആശുപത്രികളില്‍ നിന്നും കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു തുടങ്ങി. അവശേഷിക്കുന്നവരെ ഒക്ടോബര്‍ 30നുള്ളില്‍ പിരിച്ചുവിടണം എന്നാണ് നിര്‍ദ്ദേശം. ബ്രിഗേഡ് അംഗങ്ങള്‍ക്ക് മാത്രമായി ശമ്ബളം നല്‍കാന്‍ 35 കോടി രൂപ വേണമെന്നിരിക്കെ ജീവനക്കാരെ നിലനിര്‍ത്തേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ ബ്രിഗേഡ് സേവനം ഏറ്റവും ആവശ്യമായി വരുന്ന കേന്ദ്രങ്ങളില്‍ ജീവനക്കാരെ തല്‍ക്കാലത്തേക്ക് നിലനിര്‍ത്താമെന്ന ആലോചന ആരോഗ്യവകുപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്‍പ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്.

‘ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയാണ് ഞാന്‍ ജോലിക്ക് കയറിയത്. അഞ്ചോ, ആറോ മണിയാവുമ്ബോള്‍ ജോലി സമയം കഴിയും. എങ്കിലും രാത്രി 12 മണി വരെയൊക്കെ ആശുപത്രിയില്‍ ഇരുന്ന് ജോലി തീര്‍ത്തേ വീട്ടില്‍ പോവുമായിരുന്നുള്ളൂ. വീട് പോലും മറന്നുള്ള ജോലിയായിരുന്നു. വാക്‌സിനേഷന്‍, ടെസ്റ്റ് റിസള്‍ട്ട്, പോസിറ്റീവ് ആയവരുടെ ലിസ്റ്റ് തയ്യാറാക്കല്‍, മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക അങ്ങനെ എടുത്താലും തീരാത്ത ജോലികള്‍ ഉണ്ടായിരുന്നു. പക്ഷേ ആ കണക്കുകള്‍ ഇല്ലെങ്കില്‍ മൊത്തം പ്രതിരോധ പ്രവര്‍ത്തനങ്ങളേയും മറ്റും ബാധിക്കും എന്നറിയാവുന്നതുകൊണ്ട് ചെയ്തുതീര്‍ത്തേ ജോലി അവസാനിപ്പിക്കൂ. പക്ഷേ ഇത്രനാള്‍ ചെയ്ത ജോലികള്‍ക്ക് വിലയില്ലാതായിപ്പോയപോലെ ഇപ്പോള്‍ തോന്നുന്നു. ഞങ്ങളോരോരുത്തരുടേയും കഷ്ടപ്പാടാണ് ആരോഗ്യവകുപ്പിന്റെ വിജയം.’

കോവിഡ് ബ്രിഗേഡ് അംഗമായിരുന്ന ആലപ്പുഴ സ്വദേശി സിനിമോള്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുള്ളവര്‍ ബ്രിഗേഡിലുണ്ടായിരുന്നു. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, എംഎസ്ഡബ്ല്യു, എംബിഎ, എംഎസ്സി, എംഎച്ച്‌എ ബിരുദധരികള്‍, ന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ വന്‍നിരയായിരുന്നു കോവിഡ് പോരാളികളുടേത്. എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, ഗാര്‍ഹിക പരിചരണ കേന്ദ്രം, ആശുപത്രികള്‍, ലാബുകള്‍, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കാണ് ബ്രിഗേഡിനെ നിയമിച്ചത്. കോവിഡ് സാമൂഹ്യ വ്യാപനം മുതല്‍ രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലുള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് ഇവാരായിരുന്നു.

‘പ്രാഥമിക, ദ്വിദീയ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കാണ് പ്രധാനമായും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും നിയമിച്ചത്. മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള കോവിഡ് ആശുപത്രികളിലും നിയമനം ഉണ്ടായി. 18ഉും 24ഉും ചിലപ്പോള്‍ 32 മണിക്കൂര്‍ വരെ ഉറക്കമിളച്ച്‌, പിപിഇ കിറ്റിട്ട് തുടര്‍ച്ചയായി ജോലി ചെയ്തിട്ടുണ്ട്. എല്ലാവരും റിസ്‌ക് എടുത്തിട്ടുണ്ടെങ്കിലും രോഗികളുമായി നേരിട്ട് ഇടപഴകുന്നവരുടെ ജീവന് തന്നെ ആപത്തായിരുന്ന കാലത്താണ് ഞങ്ങള്‍ ജോലിക്ക് കയറുന്നത്. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എല്ലാവരും ആത്മാര്‍ഥമായി തന്നെ ജോലിചെയ്തു. പലരും കോവിഡ് പോസിറ്റീവ് ആയി. അതിഗുരുതരാവസ്ഥയിലേക്ക് പോയ ആരോഗ്യപ്രവര്‍ത്തകര്‍ പോലുമുണ്ട്. ദുരന്തകാലത്തെ സേവനമായി ഇതിനെ കണക്കാക്കാമെങ്കിലും ഇങ്ങനെയൊരു പിരിച്ചുവിടല്‍ അപ്രതീക്ഷിതമായിരുന്നു.’ ഡോക്ടറായ മിഥുന്‍ ദേവസ്യ പറയുന്നു.

കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ കോവിഡ് ചിക്തിസാ കേന്ദ്രങ്ങളുടേയും ആശുപത്രികളുടേയും പ്രവര്‍ത്തനം താളംതെറ്റി. കോവിഡ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്തിന്റെ അപകട സാഹചര്യം മറികടന്നിട്ടില്ല എന്നിരിക്കെ ജീവനക്കാര്‍ ഇല്ലാതാവുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ബിജോയ് പറയുന്നു: ‘ ജീവനക്കാര്‍ ഇല്ലാതാവുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. ഇത്രയും ആളുകള്‍ ഉണ്ടായിരുന്നപ്പോള്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ ശ്വാസം പോലും കഴിക്കാന്‍ നേരമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത അന്ന് മുതല്‍ തുടങ്ങിയ ജോലികള്‍ ദിവസവും കൂടി എന്നല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. പലയിടത്തും ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മറ്റ് ജീവനക്കാരുടേയും കുറവായിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സാകേന്ദ്രങ്ങളിലുമെല്ലാം ബ്രിഗേഡ് ഉണ്ടായിരുന്നതുകൊണ്ടാണ് പലപ്പോഴും വീഴ്ചയില്ലാതെ മുന്നോട്ടുപോവാന്‍ കഴിഞ്ഞത്. ശുചീകരണം മുതല്‍ ചികിത്സവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി പ്രതിസന്ധിയിലാവും.’

കോവിഡ് പരിശോധന കുറഞ്ഞതുകൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുള്ളതെന്ന ആക്ഷേപവും ഒരു വശത്ത് നിലനില്‍ക്കുന്നു. ‘സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമായിട്ടില്ല. ഇപ്പോഴും ശക്തമായ പ്രവര്‍ത്തനം വേണ്ട സമയമാണ്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാല്‍ സാംപിള്‍ കളക്‌ട് ചെയ്യാന്‍ പോലും ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാതായി. വാക്‌സിനേഷനും പരിശോധനകള്‍ക്കുമെല്ലാം ഓരോ കേന്ദ്രങ്ങളിലും നിശ്ചിത ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ടതുണ്ട്. എന്നാല്‍ മുമ്ബുണ്ടായിരുന്ന മാന്‍പവര്‍ കൊണ്ട് ഈ സാഹചര്യത്തെ മറികടക്കാനാവില്ല. ടെസ്റ്റ് ഒരു ലക്ഷമായി വര്‍ധിപ്പിച്ചാല്‍ ഇപ്പോഴും പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയ്ക്ക് രോഗികള്‍ ദിവസവും ഉണ്ടാവും. മരണവും നിയന്ത്രിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമാണ്.’ കോവിഡ് ചിക്തിസാ കേന്ദ്രത്തിലെ ഡോ.മുഹമ്മദ് ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു.

കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ സാംപിള്‍ ശേഖരണം മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരെ അവതാളത്തിലായിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പിരിച്ചുവിട്ടിട്ടും ശമ്ബളമില്ലാതെ ജോലി ചെയ്യാന്‍ തയ്യാറായി പലയിടത്തും ഡോക്ടര്‍മാരും നഴ്‌സുമാരുമുള്‍പ്പെടെയുള്ള ബ്രിഗേഡ് അംഗങ്ങള്‍ എത്തുന്നതായും മെഡിക്കല്‍ ഓഫീസര്‍മാര്‍ പറയുന്നു.