കൊച്ചി:മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍നിന്നും ഒരു ശില്‍പം കൂടി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മോന്‍സന്റെ സാമ്ബത്തിക ഇടപാടുകളെ കുറിച്ചും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും വില്‍പ്പന നടത്തിയതിനെക്കുറിച്ചുമുള്ള കൂടുതല്‍ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ശില്പി സുരേഷിന്റെ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിച്ച്‌ തെളിവെടുത്തു.

ഇന്നു ഉച്ചയോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ വാടകയ്ക്ക് എടുത്തിരുന്ന കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. മോന്‍സന്‍ മാവുങ്കലിനെയും ഇവിടെ എത്തിച്ചിരുന്നു. മോന്‍സന്‍ ആണ് ശില്‍പം കാണിച്ചുകൊടുത്തത്. സിംഹത്തിന്റെ തലയുടെ രൂപത്തിലുള്ളതാണ് ശില്‍പം. ഇത് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. നേരത്തെ സുരേഷ് നല്‍കിയ വിശ്വരൂപം ഉള്‍പ്പെടെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍നിന്നും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. വിവിധ തവണകളായി 70 ലക്ഷം രൂപയുടെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ആണ് സുരേഷ് നിന്ന് മോന്‍ സണ്‍ വാങ്ങിയിട്ടുള്ളത്. ഇതില്‍ ഏഴു ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയിട്ടുള്ളത്. ബാക്കി തുക നല്‍കാതെ സുരേഷിനെ മോന്‍സണ്‍ കബളിപ്പിക്കുകയായിരുന്നു.

മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി ആര്‍ ഡി ഒ വ്യാജരേഖ കേസിലും വിഗ്രഹങ്ങളും ശില്പങ്ങളും വാങ്ങിയശേഷം കബളിപ്പിച്ചെന്ന സന്തോഷിന്റെ പരാതിയിലും മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ ഈ രണ്ടു കേസുകളിലും മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യമനുവദിക്കണമെന്നായിരുന്നു മോന്‍സന്റെ വാദം. ഇല്ലാത്ത പണത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നതെന്നും മോണ്‍സ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മോന്‍സന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. മോന്‍സന് എതിരെ അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പരാതികളും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് ആയിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജാമ്യപേക്ഷ കോടതി തള്ളിയത്.500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മീനച്ചില്‍ സ്വദേശിയില്‍ നിന്നും 1.78 കോടി രൂപ തട്ടിയെടുത്ത കേസിലും മോന്‍സന് കോടതി ജാമ്യം അനുവദിച്ചില്ല.
മോന്‍സണ്‍ മാവുങ്കലിന് പാലാരിവട്ടത്തെ ബ്രാഞ്ചില്‍ ഒരു അക്കൗണ്ട് ആണ് ഉള്ളത്. ഇത് പരിശോധിച്ചെങ്കിലും കാര്യമായ തുക ഈ അക്കൗണ്ടില്‍ ഇല്ല എന്നാണ് വിവരം. മോന്‍സണ്‍ മാവുങ്കല്‍ തന്റെ സഹായികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ വഴി കോടിക്കണക്കിന് രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായാണ് സംശയിക്കുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള സാമ്ബത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.