ഷാര്‍ജ: ഐപിഎല്ലില്‍ കന്നി കിരീടം ലക്ഷ്യമിടുന്ന ദല്‍ഹി ക്യാപിറ്റല്‍സിന് അഗ്നിപരീക്ഷ. രണ്ട് തവണ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്നാലേ ദല്‍ഹിക്ക് കലാശക്കളിക്ക് യോഗ്യത നേടനാകൂ. ദല്‍ഹിയും കൊല്‍ക്കത്തയും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ നാളെ നടക്കും. രാത്രി 7.30 ന് കളി തുടങ്ങും. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം. ജയിക്കുന്ന ടീം വെള്ളിയാഴ്ച ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

എലിമിനേറ്ററില്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കളിക്കളത്തിലിറങ്ങുന്നത്. അതേസമയം, ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നേറ്റ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചാണ് ദല്‍ഹി ഇറങ്ങുന്നത്. വീണ്ടുമൊരു തോല്‍വി ദല്‍ഹിയുടെ കിരീട സ്വപ്നം തകര്‍ക്കും.

ലീഗ് മത്സരങ്ങളില്‍ പത്ത് വിജയങ്ങള്‍ സ്വന്തമാക്കി ഇരുപത് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ദല്‍ഹി പ്ലേ ഓഫില്‍ കടന്നത്. ഓസ്്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് പരിശീലകനായി സ്ഥാനമേറ്റതോടെ ദല്‍ഹി അടിമുടി മാറി. കഴിഞ്ഞ സീസണില്‍ അവര്‍ ഐപിഎല്ലില്‍ രണ്ടാം സ്ഥാനക്കാരായി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് നായകനായ ദല്‍ഹി ടീം സന്തുലിതമാണ്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ അണിനിരക്കുന്ന ശക്തമായ ബാറ്റിങ്‌നിര തന്നെ അവര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബഡ, ആന്റിച്ച്‌ നോര്‍ട്‌ജെ, ആവേശ് ഖാന്‍ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്.

യുഎഇ യില്‍ നടന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ ദല്‍ഹി അഞ്ചു ലീഗ് മത്സരങ്ങളില്‍ വിജയിച്ചു. ഒരു മത്സരത്തില്‍ തോറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് തോറ്റത്. പക വീട്ടാന്‍ ദല്‍ഹിക്ക് അവസരം കൈവന്നിരിക്കുകയാണ്.

ഇംഗ്ലണ്ട് താരം ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കാഴ്ചവച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ ദല്‍ഹിയും വീഴുമെന്ന പ്രതീക്ഷയിലാണ് അവര്‍. ശുഭ്മാന്‍ ഗില്‍, വെങ്കിടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, മോര്‍ഗന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബാറ്റിങ് നിര ശക്തമാണ്.

ഷാര്‍ജയിലെ പിച്ച്‌ സ്പിന്നിനെ തുണയ്ക്കുമെന്നതും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ നല്‍കുന്നു. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നുമാണ് അവരുടെ സ്പിന്‍ കരുത്ത്.