ബംഗളുരു: രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സോണിയ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ ഈ സാഹചര്യം മനസിലാക്കി രാഹുല്‍ ഗാന്ധി പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുല്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വരണമെന്നത് താന്‍ ഏറെ നാളായി ആവശ്യപ്പെടുന്നുവെന്നും എത്രയും വേഗം ആ സ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ കണ്ണ് നട്ടാണെന്ന ആരോപണങ്ങളും സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. തനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ താത്പര്യം ഇല്ലെന്നും ഇത് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് രാഹുല്‍ ഗാന്ധി നേതൃപദവി ഏറ്റെടുക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചത്.