മലയാളിയുടെ മനസില്‍ നൂറ് നൂറ് കഥാപാത്രങ്ങളെ അവശേഷിപ്പിച്ചാണ് നടന്‍ നെടുമുടി വേണു യാത്രയായത്. തമ്ബില്‍ തുടങ്ങി അഞ്ഞൂറില്‍ അധികം സിനിമകളിലെ വിവിധങ്ങളായ വേഷങ്ങളിലൂടെ പരകായപ്രവേശം സാദ്ധ്യമാക്കിയ മഹാനടന്‍. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ സൃഷ്‌ടിച്ച ശൂന്യത ചെറുതല്ല. എന്തായിരുന്നു നെടുമുടി വേണുവിന്റെ അസുഖം. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ പലരും ആവര്‍ത്തിച്ച്‌ ചോദിച്ച ചോദ്യമാണിത്.

ഒരുപക്ഷേ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം അറിയാമായിരുന്ന ഒന്നായിരുന്നു അത്. സുഹൃത്തും നിര്‍മ്മാതാവുമായ എം രഞ്ജിത്തിന്റെ വാക്കുകള്‍-

”പത്തു ദിവസം മുമ്ബാണ് ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച്‌ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്‌, പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്. ശരീരം ഡൗണ്‍ ആയി. സ്‌ട്രെയിന്‍ കൂടി. ‘പുഴു’ എന്ന സിനിമയില്‍ അഭിനയിച്ചു വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഞങ്ങള്‍ സംസാരിക്കുമ്ബോഴൊന്നും രോഗത്തെക്കുറിച്ച്‌ അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി മുന്നോട്ടു പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു”-രഞ്ജിത്ത് പറഞ്ഞു.