സി പി എം നേതാക്കന്മാരായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു. 12 പേരെയാണ് കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

2012 ഫെബ്രുവരി 20ന് കണ്ണൂരിലെ തളിപ്പറമ്ബില്‍ വച്ച്‌ സി പി എം നേതാക്കന്മാരായ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഇവരെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഇത്തരമൊരു അക്രമം ഉണ്ടായിട്ടില്ലെന്നും കേസില്‍ ഹാജരാക്കിയ രേഖകള്‍ യഥാര്‍ഥമല്ലെന്നും പ്രതിഭാഗം വാദിച്ചു. കണ്ടെടുത്ത ആയുധങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.