വിദേശരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. അതേസമയം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കര കയറ്റുന്നതിനും മറ്റും വിദേശരാജ്യങ്ങളുടെ സഹായം അഫ്ഗാന് ആവശ്യമാണ്. ‘ അന്താരാഷ്‌ട്ര സമൂഹം അഫ്ഗാനുമായി സഹകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. എല്ലാ രാജ്യങ്ങളോടും നല്ല സഹകരണം മാത്രമാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പകരം എല്ലാവരും പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നതെന്നും’ അമീര്‍ ഖാന്‍ മുത്തഖി പറയുന്നു.

സഹകരണം തുടരണമെങ്കില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതായിരുന്നു അന്താരാഷ്‌ട്ര സമൂഹം അഫ്ഗാന് മുന്നില്‍ വച്ച നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാനോ തീരുമാനമെടുക്കാനോ താലിബാനിലെ തൂക്കു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിക്‌സ്ത് ഗ്രേഡിന് മുകളിലോട്ട് ആണ്‍കുട്ടികള്‍ മാത്രം സ്‌കൂളില്‍ പോയാല്‍ മതിയെന്നാണ് ഇപ്പോഴും ഇവരുടെ നിലപാട്. മുന്‍പത്തെ സര്‍ക്കാരിന് എല്ലാം ഉണ്ടായിരുന്നുവെന്നും അതെല്ലാം രണ്ട് മാസത്തിനുള്ളില്‍ തങ്ങള്‍ നടത്തണമെന്നും പറയുന്നത് ശരിയല്ലെന്നും അമിര്‍ പറയുന്നുണ്ട്. ‘ മുന്‍പ് ഭരിച്ചിരുന്നവര്‍ക്ക് ധനസമാഹരണത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല അന്താരാഷ്‌ട്ര സമൂഹത്തിന്റെ വലിയ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ഇതൊന്നുമില്ലാതെ രണ്ട് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. വളരെ ശ്രദ്ധയോടെ മാത്രമാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും’ അമിര്‍ ചോദിക്കുന്നു.

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യത്തില്‍ താലിബാന്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഒന്ന് പോലും പാലിച്ചില്ലെന്നും, സ്ത്രീകളെ ജോലിക്ക് പോകുന്നതില്‍ തടഞ്ഞുകൊണ്ട് രാജ്യത്തെ സമ്ബദ്‌വ്യവസ്ഥ നേരെയാക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ ഇവര്‍ക്ക് ധനസഹായം നല്‍കുന്നത് അന്താരാഷ്‌ട്ര സമൂഹം നിര്‍ത്തലാക്കിയിരുന്നു.