ഇസ്ലാമബാദ്: അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുമ്ബോള്‍ താലിബാന് മുന്നില്‍ വെച്ച രണ്ട് വ്യവസ്ഥകള്‍ ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വെയ്ദയെയും നശിപ്പിക്കണമെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ വ്യവസ്ഥകളില്‍ നിന്നും പിന്‍മാറുന്നതായി താലിബാ‍ന്‍ പ്രസ്താവിച്ചു.

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദഗ്രൂപ്പുകളെ അടിച്ചമര്‍ത്താന്‍ യുഎസുമായി താലിബാന്‍ സഹകരിക്കില്ല. “അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റിനെ വേട്ടയാടുന്ന കാര്യത്തില്‍ യുഎസുമായി സഹകരണത്തിനില്ല,” താലിബാന്‍റെ രാഷ്ട്രീയ വക്താവ് സുഹൈല്‍ ഷഹീന്‍ വ്യക്തമാക്കി.

അഫ്ഗാനില്‍ കുണ്ടൂസില്‍ ഉള്‍പ്പെടെ നടത്തിയ നിരവധി ബോംബ്സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. കുണ്ടൂസില്‍ ഷിയാകളുടെ പള്ളിക്ക് മുന്‍പില്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട 60 പേരാണ് കൊല്ലപ്പെട്ടത്.

യുഎസ് ഉദ്യോഗസ്ഥര്‍ ദോഹയില്‍ വീണ്ടും താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. ഇതിന് മുന്നോടിയായി പാകിസ്ഥാന്‍ താലിബാനെ അംഗീകരിക്കാനായി യുഎസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. കഴിഞ്ഞ ദിവസം യുഎസ് പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാനും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു.

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ച ശേഷം അവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ധനസഹായം നല്‍കാനാണ് പാകിസ്ഥാന്‍ അമേരിക്കയോട് ആവശ്യപ്പെടുന്നത്. എന്നാല്‍ അമേരിക്ക ഇതുവരെയും താലിബാനെ അംഗീകരിച്ചിട്ടില്ല. അതിനിടെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്ന പ്രസ്താവന താലിബാന്‍ രാഷ്ട്രീയ വക്താവ് തുറന്നടിച്ചത്.

അമേരിക്ക അഫ്ഗാനിസ്ഥാനില്‍ ഭയപ്പെടുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെയും അല്‍ ഖ്വെയ്ദയെയുമാണ്. ഇത് രണ്ടും ഭാവിയില്‍ അമേരിക്കയെ ആക്രമിക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍റെ അമേരിക്കയില്‍ നടന്ന ട്വിന്‍ ടവര്‍ ആക്രമണം എന്നും ഉണങ്ങാത്ത മുറിവായി അമേരിക്കയുടെ മനസ്സിലുണ്ട്. അതുകൊണ്ട് തന്നെ ഏത് വിധേനെയും ഈ കൂടുതല്‍ അപകടകാരികളായ തീവ്രവാദഗ്രൂപ്പുകളെ നശിപ്പിക്കാനാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന താലിബാന്‍റെ തുറന്നുപറച്ചില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് വന്‍ ആഘാതമായിരിക്കും.