തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു ഇനി ഓര്‍മ്മ. അയ്യന്‍കാളി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 73 വയസായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നു.
ഭൗതികശരീരം ഇന്ന് രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം.
നാടകരംഗത്തു നിന്നുമാണ് നെടുമുടി സിനിമയില്‍ എത്തിയത്. അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘തമ്ബ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു നെടുമുടി വേണു. സിനിമ, നാടന്‍ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവുതെളിയിച്ച കലാകാരന്‍. നടന്‍ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവു തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയില്‍ പങ്കാളിയായി. പാച്ചി എന്ന അപരനാമത്തില്‍ ആയിരുന്നു പല ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്.
‘പൂരം’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയല്‍ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു.
തമ്ബ്, ആരവം, തകര, ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍,അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങള്‍, പഞ്ചാഗ്നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചന്‍, സര്‍ഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടര്‍, നോര്‍ത്ത് 24 കാതം എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. മൂന്നു തവണ ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.