സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 268 കുഴല്‍പ്പണക്കേസുകളില്‍ ഭൂരിഭാഗവും വടക്കന്‍ ജില്ലകളില്‍. തെക്കന്‍ ജില്ലകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിയമസഭ രേഖകള്‍ പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളനുസരിച്ച്‌ ഏറ്റവും കൂടുതല്‍ കേസുകളുള്ള മലപ്പുറം ജില്ലയില്‍ 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊട്ടു പിറകില്‍ മലപ്പുറവുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയില്‍ 77 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വയനാട് 46 കേസുകളും കോഴിക്കോട് 36 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ആറു കേസുകളും കാസര്‍ഗോഡ് 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ആകെ ഒരു കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ റൂറലിലാണ് ഒരു കേസുള്ളത്. മറ്റ് തെക്കന്‍ ജില്ലകളിലൊന്നും കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ 16 എണ്ണം പാലക്കാടാണ്. മലപ്പുറത്ത് 2 കേസുകളും കാസര്‍ഗോഡ് ആറു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.