നടന്‍ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. പ്രിയ നടന്റെ മൃതദേഹം അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പിക്കാനും കനത്ത മഴയെ അവഗണിച്ച്‌ സാംസ്‌കാരിക സിനിമാ മേഖലയിലെ നിരവധിപേര്‍ തലസ്ഥാനത്തെത്തി. തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.

രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്കു കൊണ്ടുപോയത്. നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, ടി പി മാധവന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച്‌ അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീകെര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, സമുദായ സാംസ്‌കാരിക നേതാക്കള്‍, നാടക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പിച്ചു.

വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കുന്നന്‍പാറയിലെ വീട്ടില്‍ തിങ്കളാഴ്ച പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പിക്കാന്‍ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലര്‍ച്ചെ ഒന്നരയോടെ നടന്‍ മോഹന്‍ലാല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പിച്ചു.

ഒട്ടേറെ സിനിമകളില്‍ അഭിനയത്തിന്റെ നെടുമുടി സ്പര്‍ശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി, 40 വര്‍ഷക്കാലത്തെ അഭിനയ സഹവാസം ഓര്‍ത്തെടുത്തപ്പോള്‍ മോഹന്‍ലാല്‍ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങള്‍ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി.

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ചയായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം സംഭവിച്ചത്.