വാഷിംഗ്ടണ്‍: ഭീകരസംഘടനയായ താലിബാന്റെ അഫ്ഗാനിസ്ഥാനിലെ ഇടക്കാല സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. അതേസമയം, അഫ്ഗാന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കരാറില്‍ അമേരിക്ക ഒപ്പുവച്ചെന്നാണ് വിവരം. അമേരിക്ക സാമ്പത്തിക സഹായം നല്‍കുമെന്ന് താലിബാനും വ്യക്തമാക്കി.

ദോഹയില്‍ വച്ച്‌ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങളെടുത്തത്. അമേരിക്കന്‍ സൈന്യം താലിബാനില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ആദ്യമായാണ് യു.എസ് – താലിബാന്‍ പ്രതിനിധികള്‍ മുഖാമുഖം ചര്‍ച്ച നടത്തുന്നത്.

മാനുഷിക പരിഗണനയുടെ പേരിലാണ് അഫ്ഗാനെ സഹായിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാന്‍ മണ്ണില്‍ നിന്നുകൊണ്ട് മറ്റു രാജ്യങ്ങള്‍ക്കെതിരെ അക്രമണം നടത്താന്‍ ആരെയും അനുവദിക്കുകയില്ലെന്ന് താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി സുഹെയ്ല്‍ ഷഹീന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ നാല്പതു വര്‍ഷത്തിനുള്ളില്‍ നേരിട്ടിട്ടില്ലാത്ത വരള്‍ച്ചയാണ് അഫ്ഗാനില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാജ്യം സാമ്ബത്തിക അരക്ഷിതാവസ്ഥയിലാണെന്നും സാധാരണക്കാരുടെ ജീവിതം ദുരതപൂര്‍ണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍ ഭരണകൂടം സാമ്ബത്തിക സഹായം നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.

അഫ്ഗാനിലെ ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചും അമേരിക്കന്‍ പൗരന്മാരുടെ സുഗമമായ യാത്രയെക്കുറിച്ചും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് താലിബാന്‍ നേതൃത്വത്തെ ആശങ്ക അറിയിച്ചു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കാത്തതും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.