പറവൂര്‍: ഓവര്‍ ടേക്കിംഗ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ദേശീയപാത 66ലെ മുനമ്ബം കവലയില്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച അഞ്ചംഗ സംഘം കാര്‍ എറിഞ്ഞ് തകര്‍ത്തു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

കൊടുങ്ങല്ലൂര്‍ വെളിപ്പറമ്ബ് ബഷീറിന്റെ മകന്‍ ഇസഹാക്കിനെ ഖത്തറിലേക്ക് യാത്രഅയയ്ക്കാന്‍ നെടുമ്ബാശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കുടുംബം യാത്ര ചെയ്ത കാര്‍ യുവാക്കളുടെ കാറിനെ മറികടന്നതാണ് സംഘര്‍ഷത്തിനു കാരണം. മുനമ്ബം കവലയില്‍ കാര്‍ തടഞ്ഞ യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറില്‍ കാറിലുണ്ടായിരുന്ന വാഹദ് എന്ന പന്ത്രണ്ടുകാരന് നെറ്റിയില്‍ ഗുരുതര പരിക്കേറ്റു. കുട്ടിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇസഹാക്കിനെ മറ്റൊരു കാറിലാണ് വിമാനത്താവളത്തിലെത്തിച്ചത്.

പൊലീസ് വൈകിയതിനാല്‍ ഒരു മണിക്കൂര്‍ ദേശീയ പാതയില്‍ ഗതാഗതതടസവുമുണ്ടായി. വടക്കേക്കര പൊലീസ് അഞ്ചുപേരെയും സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്തു. ചിറ്റാറ്റുകര സ്വദേശികളായ പള്ളത്ത് അര്‍ജുന്‍ അരുണ്‍ (19), മലയില്‍ ആരോമല്‍ രാജേന്ദ്രന്‍ (19), ആനാട് വിധു കൃഷ്ണന്‍ (20), മുറവന്‍തുരുത്ത് കുളവേലിപാടത്ത് നിഖില്‍ വേണു (20) എന്നിവരെയും ഒരു പതിനാറുകാരനെയുമാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.