വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് 19 കേസുകള്‍ കുറഞ്ഞുവരുമ്ബോള്‍ അഞ്ചു സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റണി ഫൗച്ചി ഞായറാഴ്ച അറിയിച്ചു.

കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ല. അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് ഡോ.ഫൗച്ചി പറഞ്ഞു. വൈറസിന്റെ വ്യാപനം ഇപ്പോള്‍ കുറഞ്ഞുവെങ്കിലും വീണ്ടും തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാല്‍പത്തിയഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനതോത് സാവകാശം കുറഞ്ഞു വരികയോ, വര്‍ദ്ധിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അഞ്ചു സംസ്ഥാനങ്ങളില്‍ (മൊണ്ടാന, കൊളറാഡൊ, മിനിസോട്ട, മിഷിഗണ്‍, പെന്‍സില്‍വാനിയ) കഴിഞ്ഞവാരം 10 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുള്ളതു ഗൗരവമായി പരിഗണിക്കേണ്ടതാണ് ആന്റണി ഫൗച്ചി പറഞ്ഞു.

മിഷിഗണില്‍ 52 ശതമാനം പേര്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളത്. ഇത് നാഷ്ണല്‍ ആവറേജിനേക്കാള്‍ (56.4%) കുറവാണ്. ഇപ്പോള്‍ അമേരിക്കയില്‍ പ്രതിദിനം ശരാശരി 1,00,000ത്തില്‍ കുറവാണ് കോവിഡ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മരണവും ശരാശരി പ്രതിദിനം 1600 ആയി കുറഞ്ഞതായും ഫൗ്ച്ചി പറഞ്ഞു