നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് ഗുരുതുല്യനായ വ്യക്തിയെയെന്ന് നടി മേനക സുരേഷ്. കൊവിഡ് തീർന്നിട്ട് വേണം കാണാൻ എന്ന് പറഞ്ഞിരുന്നു. ഇങ്ങനെ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മേനക വിതുമ്പിക്കൊണ്ട് പറഞ്ഞു.
‘മലയാളം എഴുതാനോ വായിക്കാനോ എനിക്ക് അറിയില്ലായിരുന്നു. ഇന്ന് അദ്ദേഹം ഉള്ളതുകൊണ്ട് ഇത്രയെങ്കിലും മലയാളം ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ’ – മേനക

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കൂടെ ഒത്തിരി നടന്മാർ അഭിനയിച്ചിട്ടുണ്ടെങ്കിലും സഹോദര തുല്യനായിരുന്ന വ്യക്തിയായിരുന്നു നെടുമുടി വേണുവെന്ന് ഇന്നസെന്റ് പറയുന്നു. നടൻ എന്നതിനേക്കാൾ ഒരുപാട് അനുഭവങ്ങളുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് ഇന്നസെന്റ് പറഞ്ഞു. എന്ത് പ്രശ്‌നം വന്നാലും ആദ്യം ചോദിച്ചിരുന്നത് ടെുമുടി വേണുവിനോടായിരുന്നുവെന്ന് ഇന്നസെന്റ് പറഞ്ഞു. ചെയ്യുന്നത് ശരിയല്ലെങ്കിൽ, അത് വേണ്ട എന്ന കൃ്തമായി ഉപദേശവും തനിക്ക് നൽകുമായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു.

നെടുമുടി വേണുവിന്റെ വിയോഗത്തോടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയെന്ന് കെപിഎസി ലളിത ട്വന്റിഫോറിനോട്. തന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ വിളിച്ച് അന്വേഷിക്കുകയും, തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്ത വ്യക്തിയാണെന്നും വേർപാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെപിഎസി ലളിത പറഞ്ഞു.

കെപിഎസി ലളിതയുടെ വാക്കുകൾ : ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും ഞങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ട്. ഭർത്താവിന്റെ മരണശേഷം എനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു. ഗോപി ചേട്ടൻ, പത്മരാജൻ, വേണു, പവിത്രൻ, ഭർത്താവ് ഭരതൻ എല്ലാവും ഒറ്റ സുഹൃത്തുക്കളായിരുന്നു. രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഒന്ന് പോയി കാണാൻ പോലും സാധിക്കുന്നില്ല വിതുമ്പിക്കൊണ്ട് കെപിഎസ് ലളിത പറഞ്ഞു.

ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റി മറിച്ചതിൽ നെടുമുടി വേണുവിന്റെ പങ്ക് വളരെ വലുതാണെന്ന് സംവിധായകൻ കമലും പറഞ്ഞു. വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച വ്യക്തിയാണ് നെടുമുടി വേണുവെന്നും കമൽ പറഞ്ഞു. ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ദേഹം അദ്ദേഹത്തെ തന്നെ നവീകരിച്ചിരുന്നുവെന്നും കമൽ ഓർത്തെടുത്തു.