മലയാളത്തിന്റെ അനുഗ്രഹീത നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സാംസ്‌കാരിക ലോകത്തെ കാരണവന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് മന്ത്രി അനുശോചിച്ചു.

‘കഴിഞ്ഞ മാസം നടന്ന മഴ മിഴി സിഗ്‌നേച്ചര്‍ ഫിലിം പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തെ അവസാനമായി നേരിട്ട് കണ്ടത്. ആശുപത്രിയില്‍ ആണെന്ന് അറിയാമായിരുന്നു. രോഗാവസ്ഥയെയൊക്കെ മറികടന്നു കൊണ്ട് അദ്ദേഹം നിറപുഞ്ചിരിയോടെ മടങ്ങി വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

മലയാള സാംസ്‌കാരിക ലോകത്തെ കാരണവരിലൊരാളെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നാടകക്കളരികളിലെ അനുഭവസമ്പന്നതയും അദ്ദേഹത്തെ മലയാളസിനിമയിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറ്റി. നായകനായും വില്ലനായും സ്വഭാവ നടനായും അരങ്ങിലും വെള്ളിത്തിരയിലും അദ്ദേഹം നിറഞ്ഞാടി. ഗൗരവകരമായ വേഷങ്ങളും ഹാസ്യപ്രധാനമായ വേഷങ്ങളും നെടുമുടിയില്‍ ഭദ്രമായിരുന്നു. ജീവിതത്തിന്റെ അരങ്ങിലെ വേഷമഴിച്ചു പിന്‍വാങ്ങുമ്പോഴും തിരശീലയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എന്നും മലയാളികളുടെ മനസ്സില്‍ മരണമില്ലാതെ ജീവിക്കും. അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.