കാബൂള്‍ : യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനില്‍ എത്രയും പെട്ടെന്ന് സഹായം എത്തിച്ചില്ലെങ്കില്‍ ഒരു ദശലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാര ദൗര്‍ലഭ്യം നേരിടാനും മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ടെന്ന് യുണിസെഫ് മുന്നറിയിപ്പ് നല്കി.

കഴിഞ്ഞയാഴ്ച അഫ്ഗാന്‍ സന്ദര്‍ശിച്ച യുണിസെഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അബ്ദിയാണ് ഇക്കാര്യം അറിയിച്ചത്.കാബൂളിലെ ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഒമര്‍ അബ്ദിയുടെ പ്രതികരണം. രാജ്യത്ത് ഇതിനോടകം തന്നെ പല കുട്ടികള്‍ക്കും അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കുട്ടികള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട ആരോഗ്യ പരിചരണം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കല്‍,​ പോഷകാഹാരം ലഭ്യമാക്കല്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അതിന് വേണ്ടി ഉടന്‍ മാര്‍ഗങ്ങള്‍ കാണണമെന്നും അദ്ദേഹം താലിബാന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. വാക്സിനേഷന്‍ ത്വരിതഗതിയിലാക്കണമെന്നും ഒമര്‍ അബ്ദി നിര്‍ദ്ദേശിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഒമര്‍ അബ്ദി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്തേണ്ടവരാണ് ഇന്നത്തെ കുട്ടികള്‍. ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടുന്ന ആക്രമണങ്ങളില്‍ നിന്നും സുരക്ഷിതരാകുന്ന അഫ്ഗാനിസ്ഥാനാണ് യൂണിസെഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.