കുവൈത്ത്; കുവൈത്തില്‍ 60 വയസ്സുകഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ തൊഴില്‍പെര്‍മിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ഈ ആഴ്ച പ്രത്യേക യോഗം ചേരും. വിഷയത്തില്‍ നേരത്തെ അതോറിറ്റി കൈക്കൊണ്ട തീരുമാനത്തിനു നിയമസാധുതയില്ലെന്ന ഫത്‌വാ നിയമ നിര്‍മാണ സമിതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക യോഗം.

60 വയസ്സ് കഴിഞ്ഞ സര്‍വകലാശാല ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം നിയമമപരമായി നില നില്‍ക്കില്ലെന്നു കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രി സഭയിലെ ഫത്‌വാ നിയമ നിര്‍മാണ സമിതി വ്യക്തമാക്കിയിരുന്നു. നയപരമായ തീരുമാനം എടുക്കാന്‍ മാന്‍ പവര്‍ അതോറിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്‌വാ നിയമനിര്‍മാണ സമിതി തീരുമാനം നിരാകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാന്‍ ഡയറക്ടര്‍മാരുടെ യോഗം വിളിച്ചത്.