മുംബൈ:ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ആല്‍ ബല്‍കി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ചുപ്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ‘റിവഞ്ച് ഓഫ് ദ ആര്‍ടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണിത്. എന്നാല്‍ ടൈറ്റില്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തെത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്നു ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.

ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്.