ഐപിഎല്ലില്‍ ‘വേഗമേറിയ’ പ്രകടനം കൊണ്ട് ശ്രദ്ധേയനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ. തന്റെ എക്സ്പ്രസ് വേഗം കൊണ്ട് ഐപിഎല്ലിലെ എതിര്‍ ടീമിലെ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ച ഈ കാശ്മീരി പേസറെ ലോകകപ്പ് ടീമിലെ നെറ്റ് ബൗളറായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐപിഎല്‍ തീര്‍ന്നതിന് ശേഷവും യുഎഇയില്‍ തന്നെ തുടരാനും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല എന്നും താരത്തോട് ബിസിസിഐ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മികച്ച വേഗത്തില്‍ പന്തെറിയുന്ന താരത്തെ നെറ്റ് ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തുന്നത് ടീമിനും അതോടൊപ്പം കോഹ്ലി, രോഹിത് ശര്‍മ എന്നീ ലോകോത്തര ബാറ്റര്‍മാര്‍ക്കെതിരെയും ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പന്തെറിയാനും ലഭിക്കുന്ന അവസരം താരത്തിന്റെ മുന്നോട്ടുള്ള കരിയറില്‍ ഏറെ ഗുണം ചെയ്യുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐപിഎല്‍ പതിനാലാം സീസണില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരം ഉമ്രാന്‍ മാലിക്കാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 153 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ഈ 21 കാരന്‍ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമയായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ ഒമ്ബതാം ഓവറിലായിരുന്നു സീസണിലെ വേഗമേറിയ പന്ത് താരം എറിഞ്ഞത്. ഓവറിലെ ആദ്യത്തെ പന്തില്‍ 147 കിലോമീറ്റര്‍, രണ്ടാം പന്തില്‍ 151 കിലോമീറ്റര്‍, മൂന്നാം പന്തില്‍ 152 കിലോമീറ്റര്‍ എന്നിങ്ങനെ പടി പടിയായി വേഗം കൂടിയ പന്തുകള്‍ എറിഞ്ഞ താരം നാലാം പന്തിലാണ് 153 കിലോമീറ്റര്‍ വേഗം കണ്ടെത്തിയത്. മലയാളി താരം ദേവ്ദത്ത് പടിക്കലിനെതിരെ എറിഞ്ഞ ഫുള്‍ടോസിലാണ് താരം ഈ റെക്കോര്‍ഡ് വേഗം രേഖപ്പെടുത്തിയത്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തീപാറും പേസ് കൊണ്ട് ഉമ്രാന്‍ മാലിക്ക് ക്രിക്കറ്റ് ലോകത്തെ അമ്ബരപ്പിച്ചിരുന്നു. കെകെആറിനെതിരെ എറിഞ്ഞ 151.03 കി.മീ വേഗമുള്ള പന്ത് ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗമേറിയ ബോളായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സിനെതിരെ തന്‍റെ രണ്ടാം മത്സരത്തില്‍ 153 കിലോമീറ്റര്‍ വേഗം കണ്ടെത്തി സീസണില്‍ ഇതുവരെയുള്ള വേഗമേറിയ പന്തിന്‍റെ റെക്കോര്‍ഡും കീശയിലാക്കി.

152.75 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് ഇതോടെ മറികടന്നത്. 152.74 കിലോമീറ്ററാണ് ഈ സീസണിലെ മൂന്നാമത്തെ വേഗമേറിയ പന്ത്. ഇത് ഫെര്‍ഗൂസന്റെ തന്നെ പേരിലാണ്. 151.97, 151.77 എന്നിങ്ങനെയാണ് നാലാമത്തെയും അഞ്ചാമത്തെയും പന്തുകളുടെ വേഗം. ഇവ രണ്ടും ഉമ്രാന്റെ പേരിലാണ്. ആദ്യ 10 സ്ഥാനങ്ങളില്‍ വേഗമേറിയ പന്തുകള്‍ പേരിലാക്കിയ ഏക ഇന്ത്യന്‍ താരവും ഉമ്രാന്‍ മാലിക്കാണ്.

കോവിഡ് ബാധിതനായ പേസര്‍ ടി നടരാജന് പകരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉമ്രാന്‍ മാലിക്കിനെ പരിമിത കാലത്തേക്ക് ടീമിലെടുത്തത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുണ്ടായിരുന്ന മാലിക്ക് ഇതുവരെ ജമ്മു കശ്മീരിനായി ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്.