ശ്രീനഗര്‍ : രാജ്യത്ത് ഇസ്ലാമിക് സ്‌റ്റേറ്റിന് അനുകൂലമായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണം വ്യാപകമാകുന്നതായി പരാതി. മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ 18 സ്ഥലങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നു.

ഇന്ത്യയിലെ അനുഭാവികളെ ലക്ഷ്യമിട്ട് 2020 ഫെബ്രുവരി മുതലാണ് ഇസ്ലാമിക് സ്റ്റേറ്റ് ‘വോയ്സ് ഓഫ് ഹിന്ദ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ആരംഭിച്ചത്. യുവാക്കളെ ജിഹാദിലേയ്ക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ആശയപ്രചരണമാണ് ഈ ഓണ്‍ലൈന്‍ മാസിക നടത്തി വരുന്നത്. ഓണ്‍ലൈനിലൂടെയും സമൂഹമാദ്ധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ മാസിക പ്രചരിപ്പിച്ചിരുന്നതെന്ന് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൊബൈല്‍ നമ്പറുകള്‍ വഴിയാണ് ഈ പ്രസിദ്ധീകരണത്തിലെ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചതെന്നും വ്യക്തമായിട്ടുണ്ട്.