തിരുവനന്തപുരം: കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 15 ശതമാനം ആളുകള്‍ മാത്രമാണ് ശാസ്ത്രീയമായ ചികിത്സ തേടുന്നത്. ചികിത്സാ കേന്ദ്രങ്ങളുടെയോ ചികിത്സാ സൗകര്യങ്ങളുടെയോ അഭാവം കൊണ്ടല്ല. എന്നാല്‍ അതിലേക്ക് ആളുകള്‍ എത്തപ്പെടുന്നില്ല. ഈ അവസരത്തില്‍ മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്.

ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു-അവര്‍ പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.