മോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു. ടാട്ടര്‍സ്താന്‍ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. പാരച്യൂട്ട് ജംപര്‍മാരാണ് എല്‍-410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപ്പെടുത്തി.

രാവിലെ 9.23നായിരുന്നു അപകടം. രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേവശിപ്പിച്ച ഏഴുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ ഏവിയേഷന്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

സെപ്റ്റംബര്‍ അവസാന വാരം റഷ്യയിലെ ഖബറോവക്സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്.

ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്സിലെ സ്‌കൈ റിസോര്‍ട്ടിന് സമീപത്താണു വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.