ജനീവ: മലേറിയയെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 1987ല്‍ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്ബനിയായ ഗ്ലാക്‌സോ മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച മോസ്‌ക്വിരിക്‌സ് കുട്ടികളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തു.

ചരിത്രനിമിഷമെന്നാണ് അംഗീകാരത്തോട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചത്.

പ്രത്യേകിച്ച്‌ മലേറിയ മൂലം കുട്ടികള്‍ കൂടുതലായി മരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കാനും ലോകാരോഗ്യസംഘടന നിര്‍ദേശം നല്‍കി.

ലോകാരോഗ്യസംഘടനയുടെ വാക്‌സിന്‍ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച
മോസ്‌ക്വിരിക്‌സ് വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ആഫ്രിക്കയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എട്ടുലക്ഷത്തിലധികം കുട്ടികളെയാണ് പഠനവിധേയമാക്കിയത്.

മോസ്‌ക്വിരിക്‌സിന് 30 ശതമാനമാണ് ഫലപ്രാപ്തി. നാലു ഡോസ് വരെ നല്‍കണം. മാസങ്ങള്‍ കഴിയുമ്ബോള്‍ തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നത് കണ്ടുവരുന്നുണ്ട്. അതിനാലാണ് നാലു ഡോസ് നിര്‍ദേശിക്കുന്നത്.

ലോകത്ത് പ്രതിവര്‍ഷം ശരാശരി 20 കോടി പേര്‍ക്കാണ് മലേറിയ ബാധിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്.

നാലുലക്ഷം പേരാണ് അസുഖം ബാധിച്ച്‌ വര്‍ഷംതോറും മരിക്കുന്നത്. വാക്‌സിന്‍ ആരോഗ്യമേഖലയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു.