വത്തിക്കാന്‍ സിറ്റി: രൂപത, ഭൂഖണ്ഡം, സാർവ്വത്രികം എന്നീ മൂന്നു തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡുസമ്മേളനത്തിന് വത്തിക്കാനില്‍ ആരംഭം. ഇന്നു ശനിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പയുടെ വിചിന്തനത്തോടെയാണ് സമ്മേളനത്തിനു ആരംഭമായത്. രൂപതാതലത്തിൽ നടക്കുന്ന സിനഡു സമ്മേളനം ഒക്ടോബർ 17നു ആരംഭിച്ച് 2022 ഏപ്രിൽ വരെ നീളും. ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള രണ്ടാം ഘട്ട സിനഡുയോഗം 2022 സെപ്റ്റംബർ മുതൽ 2023 മാർച്ചു വരെ നടക്കും. മൂന്നാമത്തെയും അവസാനത്തെയുമായ ആഗോള സഭാ തലത്തിലുള്ള സിഡുയോഗം സമ്മേളനം 2023 ഒക്ടോബറിൽ വത്തിക്കാനില്‍ നടക്കും.

സിനഡു സമ്മേളനം അജപാലനാത്മക പരിവർത്തനത്തിനുള്ള വലിയ അവസരം പ്രദാനം ചെയ്യുവെന്നു പാപ്പ പറഞ്ഞു. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡുസമ്മേളനത്തിന്റെ പ്രധാന പദങ്ങള്‍. എല്ലാവരും ഒന്നായിരിക്കണമെന്ന കർത്താവിൻറെ അഭിലാഷം നിശ്ചയദാർഢ്യത്തോടു കൂടി പൂർത്തിയാക്കാനും ആ ഐക്യം സംരക്ഷിക്കാനും എല്ലാവർക്കും, വിശിഷ്യ, സഭയിൽ നേതൃത്വസ്ഥാനം വഹിക്കുന്ന മെത്രാന്മാർക്കുള്ള കടമ പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. “ഒരുമയോടെ ചരിക്കുക” എന്താണെന്ന് നാം മനസ്സിലാക്കുന്നതിനു വേണ്ടതെല്ലാം ‘സിനഡ്’ എന്ന വാക്കിൽ അടങ്ങിയിരിക്കുന്നുവെന്ന് പാപ്പ ഇന്നു ട്വീറ്റു ചെയ്തിരിന്നു.