ന്യൂഡല്‍ഹി: അഫ്ഗാന്‍ വംശജരായ ഭീകരര്‍ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള സാദ്ധ്യതയുണ്ടെന്ന് കരസേന മേധാവി ജനറല്‍ എം.എം.നരവനെ. ജമ്മുവിലെ സാധാരണക്കാരായ ആളുകളുടെ കൊലപാതകങ്ങളും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തോട് ഒരഭിമുഖത്തില്‍ പ്രതികരിക്കുകയായിരന്നു നരവനെ. മുമ്ബ് താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ അഫ്ഗാന്‍ വംശജരായ ഭീകരര്‍ ജമ്മു കാശ്മീരിലെത്തിയിരുന്നു. അഫ്ഗാനിലെ താലിബാന്‍ ഭരണം ഉറച്ചാല്‍ വീണ്ടും അഫ്ഗാന്‍ ഭീകരര്‍ ജമ്മു കാശ്മീരിലേക്ക് വരാന്‍സാദ്ധ്യതകളുണ്ട്.

ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യന്‍ സായുധസേന പൂര്‍ണ സജ്ജമാണ്. ജമ്മു കാശ്മീരിലെ ഉള്‍പ്രദേശങ്ങളില്‍ വരെ ഭീകര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ശക്തമായ സംവിധാനങ്ങള്‍ നമ്മുടെ സേനയ്ക്കുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കില്‍ ഭീകരര്‍ സ്വന്തം ആളുകളെ തന്നെ കൊല ചെയ്യുന്നത് എന്തിനാണ്. ഇത് ഭീകരത പരത്താനുള്ള ശ്രമമാണെന്നും നരവനെ പറഞ്ഞു.