കോട്ടയം: വൈക്കം സ്വദേശിയായ കുടുംബനാഥനെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു കഴിഞ്ഞ ദിവസം പിടിയിലായത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസിനെ(41) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

രജനി ഗൃഹനാഥനോട് ഫോണിലൂടെ അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി. ഇവര്‍ക്ക് പിന്നാലെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ കൂടി ലോഡ്ജില്‍ എത്തുകയും യുവാവിനെ രജനിക്ക് ഒപ്പമിരുത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയുമായിരുന്നു.

ഈ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി 1,35,000 രൂപ സംഘം തട്ടിയെടുത്തു. വൈക്കത്തെ വീട്ടിലെത്തിയാണ് സംഘം പണം കൈപ്പറ്റിയത്. ഇതേത്തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്‌പി എ.ജെ.തോമസ്, വൈക്കം എസ്‌എച്ച്‌ഒ കൃഷ്ണന്‍ പോറ്റി, എസ്‌ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

ര്‍ത്താവിന്‍റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ യുവതി അറസ്റ്റിലായി. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ സി. പി. പ്രമോദിനെ ആക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്. നെടുപുഴ പൊലീസാണ് യുവതിയെ അറസ്​റ്റ്​ ചെയ്തത്.

ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാനും മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനും നയന ശ്രമിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി, ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് കരുതിയിരുന്ന സ്ത്രീയുടെ മുഖത്ത് ആസിഡൊഴിക്കാനും യുവതി ക്വട്ടേഷന്‍ സംഘത്തോട് നിര്‍ദേശിച്ചു. അതിനു ശേഷം ഇത് ചെയ്തത് തന്‍റെ ഭര്‍ത്താവ് ആണെന്നും വരുത്തി തീര്‍ക്കാനും, അതിന്‍റെ പേരില്‍ കൈയും കാലും വെട്ടാനും ക്വട്ടേഷന്‍ സംഘത്തോട് ആവശ്യപ്പെട്ടതായാണ് പരാതി.

ഭാര്യയുടെ നീക്കം മനസിലാക്കിയ പ്രമോദ് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് തന്ത്രപരമായി പ്രതിയെ കുടുക്കുകയായിരുന്നു. യുവതി കൂട്ടുപ്രതികളായ ക്വട്ടേഷന്‍ സംഘവുമായി ഫോണില്‍ സംസാരിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഈ ശബ്ദസന്ദേശം മുന്‍നിര്‍ത്തിയാണ് പൊലീസ് യുവതിയെ പിടികൂടിയത്. അറസ്റ്റിലായ നയനയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കേസിലെ കൂട്ടുപ്രതികളെ ഉടന്‍ പിടികൂടുമെന്നും നെടുപുഴ എസ്.ഐ കെ. സി. ബൈജു അറിയിച്ചു.