കർഷർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി 9 പേരെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ടേനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 10.30നാണ് ആശിഷിനെ ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചത്. യുപി പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ കൊലപാതകം ഉൾപ്പെടെ 6 ഗുരുതര കുറ്റങ്ങളാണ് ആശിഷിനെതിരെ ചുമത്തിയത്.

ചോദ്യം ചെയ്യലിൽ ആശിഷ് മിശ്ര സഹകരിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. അതുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ചോദ്യം ചെയ്യലിനിടയിൽ പൊരുത്തക്കേടുകൾ ഉള്ള പല പ്രസ്താവനകളും ആശിഷ് പറഞ്ഞു. ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയിരുന്നത്. 30ലധികം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.

മെഡിക്കൽ പരിശോധന നടത്തി ഇന്ന് തന്നെ ആശിഷ് മിശ്രയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മാധ്യമപ്രവർത്തകർ അടക്കമുള്ള ജനക്കൂട്ടത്തെ വടം കെട്ടി നിയന്ത്രിച്ചാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് പുറത്തിറക്കിയത്.