ദില്ലി; കൊവിഡ് വാക്സിന്‍ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 19 സംസ്ഥാനങ്ങളോടാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഉത്സവങ്ങള്‍ ആഘോഷിച്ചില്ലെങ്കില്‍ കൊവിഡ് നിയന്ത്രണം വീണ്ടും താളം തെറ്റുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വാക്സിന്‍ പുരോഗതി സംബന്ധിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുമായും മിഷന്‍ ഡയറക്ടര്‍മാരുമായും നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. വാക്സിന്‍ വിതരണം ത്വരിതപ്പെടുത്തണം,മന്ത്രി പറഞ്ഞു. ഓരോ സംസ്ഥാനവും തങ്ങളുടെ ലക്ഷ്യം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. അതിലൂടെ മാത്രമേ 100 കോടിയെ വാക്സിന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.ഉപയോഗിക്കാത്ത 8 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം പതിനെട്ട് വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഈ വര്‍ഷം വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്ക ആരോഗ്യ വിദഗ്ദര്‍ ഉയര്‍ത്തുന്നുണ്ട്. കൊവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചില്ലെങ്കില്‍ പതിനെട്ട് വയസ്സിനു മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഡിസംബറിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. 12 ആഴ്ചയാണ് കൊവിഷീല്‍ഡിന് ഇടയിലെ ഇടവേള. നിലവില്‍ രാജ്യത്ത് 18 വയസിന് മുകളില്‍ വാക്സിന്‍ ഡോസ് സ്വീകരിച്ചവരുടെ എമ്ണം 26 കോടിയില്‍ താഴെയാണ്. .

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,12,202 ഡോസുള്‍പ്പെടെ, ശനിയാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച്‌ ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 94 കോടി (93,99,15,323) എന്ന നാഴികക്കല്ലു പിന്നിട്ടു. 91,40,316 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.അതേസമയം വെള്ളിയാഴ്ച 23,070 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,48,291 ആയി.

ദേശീയ രോഗമുക്തി നിരക്ക് 97.98 ശതമാനം ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.തുടര്‍ച്ചയായ 104-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,000 ത്തില്‍ താഴെ പേര്‍ക്കാണ്. 19,740 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 2,36,643 പേരാണ്. കഴിഞ്ഞ 206 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.70 ശതമാനമാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,69,291 പരിശോധനകള്‍ നടത്തി. ആകെ 58.13 കോടിയിലേറെ (58,13,12,481) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.62 ശതമാനമാണ്. കഴിഞ്ഞ 106 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.56 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 40 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 123-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.