ദോഹ: ഖത്തറില്‍ വിവിധ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ മൊബൈല്‍ ആപ്ളിക്കേഷനുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് വകുപ്പ്. തിരക്കൊഴിഞ്ഞ റോഡുകള്‍ തെരഞ്ഞെടുക്കാനും ഗതാഗതക്കുരുക്കില്‍ പെടാതെ ലക്ഷ്യ സ്ഥാനത്ത് സമയത്ത് എത്തിപ്പെടാനും ഇത് സഹായകമാകും.

രാജ്യത്ത് ഓക്ടോബര്‍ മൂന്ന് ഞായറാഴ്ച്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്തെ റോഡുകളില്‍ ഗതാഗതക്കുരുക്ക് വര്‍ധിച്ചത്. ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം, അഷ്ഗാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സംയുക്ത യോഗം ചേര്‍ന്നിരുന്നു.

യോഗത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവരെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ജനറല്‍ ഡയറക്ടര്‍ ഓഫ് ട്രാഫിക്കിന്റെ ട്രാഫിക് ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹജ്രി പറഞ്ഞു.